കൊല്‍ക്കത്ത: ഇന്ത്യ- ചൈന സംഘര്‍ഷം അതിര്‍ത്തിയില്‍ രൂക്ഷമായിരിക്കെ നേപ്പാളിനു പിന്നാലെ ബംഗ്ലാദേശും ഇന്ത്യക്കെതിരേ തിരിയുന്നു. കൊവിഡ് മഹാമാരിമൂലം രാജ്യം നട്ടംതിരിയുന്ന സമയത്താണ് നമ്മുടെ അയല്‍രാജ്യങ്ങള്‍ തലവേദന സൃഷ്ടിക്കുന്നത്. അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബംഗാള്‍ അതിര്‍ത്തിയില്‍ പ്രക്ഷോഭം നടക്കുന്നത്. ഈ ആവശ്യമുന്നയിച്ച് ബംഗ്ലാദേശിലെ വ്യാപാരികളും ജോലിക്കാരും പെട്രാപോളെ അതിര്‍ത്തി വഴി ഇന്ത്യന്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടഞ്ഞു.
ഇന്ത്യന്‍ ട്രക്കുകള്‍ മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ തടഞ്ഞിട്ടു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നതുവരെ അതിര്‍ത്തി അടച്ചിടുമെന്ന് അവര്‍ അറിയിച്ചു. പെട്രാപോളെ വഴി ഇന്ത്യയിലെ ഒരു സാധനവും ഇനി തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറയുന്നു.
കയറ്റുമതി വ്യാപാരികള്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹായം തേടി. ചില ട്രക്കിലുള്ളത് വേഗം നശിച്ചുപോകുന്ന സാധനങ്ങളായതിനാല്‍ ഗോദംഗയിലേക്ക് തിരിച്ചുവിട്ടു. വെനാപോളെ വഴി ഒരു ട്രക്കും പോകാന്‍ അനുവദിക്കുന്നില്ല. തങ്ങളുടെ സാധനങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നതുവരെ ഈ പ്രതിഷേധം തുടരുമെന്ന് ബെനാപോളെ സിഎഫ് ഏജന്റസ് സ്റ്റാഫ് അസോസിസേയേഷന്‍ സെക്രട്ടറി സാജിദുര്‍ റഹ്മാന്‍ പറഞ്ഞു.

