ഭൂമി വില്‍ക്കാനുണ്ട് എന്നുപറഞ്ഞ് അടുത്തുകൂടി വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണംതട്ടാന്‍ ശ്രമിച്ച സംഘത്തലവന്‍ അഭിഭാഷകന്‍; നാലുപേര്‍ പിടിയില്‍

അടിമാലി: ഭൂമി വില്‍ക്കാനുണ്ടെന്നു പറഞ്ഞ് വ്യാപാരിയുമായി അടുപ്പംകാട്ടി പിന്നീട് ബ്ലാക്ക് മെയിലിങ് ഭീഷണിയില്‍ പണംതട്ടാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിന് നേതൃത്വം നല്‍കിയത് അഭിഭാഷകന്‍. അഭിഭാഷകനായ അടിമാലി മണക്കാല മറ്റപ്പള്ളി വീട്ടില്‍ ബെന്നി (55), അടിമാലി കല്ലാര്‍കുട്ടി കുയിലിമല ഭാഗത്ത് പഴക്കളിയില്‍ വീട്ടില്‍ ലതാദേവി, ഇരുമ്പുപാലം പടിക്കപ്പ് ചവറ്റുകുഴിയില്‍ ഷൈജന്‍(43), പടിക്കപ്പ് ഭാഗത്ത് തട്ടാത്തുവീട്ടില്‍ ഷമീര്‍ എന്നുവിളിക്കുന്ന മുഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിന്റെ കെണിയില്‍ കുടുങ്ങി ഭീഷണിക്ക് ഇരയായ മറ്റൊരു വ്യാപാരികൂടി പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

അടിമാലിയില്‍ ഫുട്ട് വെയര്‍ നടത്തിവരുന്ന വിജയനാണ് തട്ടിപ്പിനിരയായത്. 1.37 ലക്ഷം രൂപ സംഘം തട്ടിയെടുത്തതായിട്ടാണ് വിജയന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവം സംബന്ധിച്ച് വിജയന്‍ അടിമാലി പൊലീസില്‍ നല്‍കിയ പരാതി ഇങ്ങനെ: കഴിഞ്ഞ ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലിയിലെ ബന്ധുവിന്റെ 10 സെന്റ് സ്ഥലം വാങ്ങാനെന്ന നാട്യത്തില്‍ അജിതയെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ വീട്ടിലെത്തി. സ്ഥലം വില്‍പനയെക്കുറിച്ച് സംസാരിക്കുന്നതിനിടെ താനറിയാതെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ യുവതി പകര്‍ത്തി. തുടര്‍ന്ന് ഇവര്‍ വീട്ടില്‍നിന്നു പോവുകയും ചെയ്തു.

പിന്നാലെ റിട്ടയേഡ് ഡിവൈഎസ്പി സഹദേവന്‍ എന്നു പരിചയപ്പെടുത്തി ഒരാള്‍ മൊബൈലില്‍ വിളിച്ചു. താങ്കള്‍ വീട്ടിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും അതിനുള്ള തെളിവ് ഞങ്ങളുടെ കൈവശം ഉണ്ടെന്നും വിളിച്ച ആള്‍ പറഞ്ഞു. ഈ സംഭവം പുറത്താരുമറിയാതെ ഒതുക്കി തീര്‍ക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. സഹദേവന് പിന്നാലെ ഷാജി, ഷൈജന്‍ എന്നിവരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഭീഷണി തുടര്‍ന്നപ്പോള്‍ അഭിഭാഷകന്‍ മുഖേന 1,37,000 രൂപ നല്‍കി.

ദിവസങ്ങള്‍ കഴിഞ്ഞ് കേസ് ഒത്തുതീര്‍ക്കാമെന്ന വ്യാജേന സംഘം അടിമാലിയില്‍ വിജയന്റെ കടയിലെത്തി ഭീഷണിപ്പെടുത്തി ബാക്കി പണം ആവശ്യപ്പെട്ടു. പണം കൊടുത്തില്ല. ബ്ലാക്ക് നൃമെയിലിങ് ശ്രമം നടക്കാതായതോടെ സംഘം വിജയന്റെ ബന്ധുക്കളെയും കുടുംബാഗങ്ങളേയും ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ഇതോടെ നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു. വിജയന്‍ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. മൂന്നു ചെക്ക് ലീഫുകളിലായി ഏഴരലക്ഷം രൂപയും എഴുതാത്ത രണ്ട് മുദ്രപത്രങ്ങളില്‍ ഭീഷണിപ്പെടുത്തി ഒപ്പിട്ടുവാങ്ങിയെന്നും വിജയന്‍ ഉയര്‍ന്ന പൊലീസ് അധികൃതര്‍ക്ക് നല്‍കിയി പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →