ന്യൂഡല്‍ഹി: സോനം കപൂറിന്റെ സഹോദരി റിയ കപൂറിനെതിരായ മരണ ഭീഷണി കമന്റുകള്‍ നീക്കം ചെയ്യാതെ ഇന്‍സ്റ്റഗ്രാം. ഈ കമന്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് റിയ ഇന്‍സ്റ്റഗ്രാമിന് റിക്വസ്റ്റ് അയച്ചിരുന്നു. എന്നാല്‍ കമന്റിലെ മരണമെന്ന വാക്ക് തങ്ങളുടെ നിയമപ്രകാരം അശ്ലീലമായ പദപ്രയോഗമല്ലെന്നും അതിനാല്‍ കമന്റ് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ഇന്‍സ്റ്റഗ്രാം മറുപടി നല്‍കിയത്.
താരത്തിന് വേണമെങ്കില്‍ ഇത്തരം കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യാമെന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചത്. എന്നാല്‍ നിങ്ങള്‍ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റിയും, കമന്റിട്ടയാളെ ബ്ലോക്ക് ചെയ്യാന്‍ തയ്യാറാണെന്നും വ്യക്തമാക്കി റിയ രംഗത്ത് വന്നു. ഇതിനു പിന്നാലെയാണ് സഹോദരിയുടെ കുറിപ്പും ഇന്‍സ്റ്റഗ്രാമിന്റെ മറുപടി അടങ്ങിയ സ്‌ക്രീന്‍ ഷോട്ടും സോനം കപൂര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റ ഗ്രാം ഓഫീസിലുള്ളത് ഹിന്ദി അറിയാത്തവരാണോ എന്നും താരം ചോദിക്കുന്നുണ്ട്.
നേരത്തെ ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനു പിന്നാലെ സോനം കപൂറിനെതിരെ വിമര്‍ശനവും സോഷ്യല്‍ മീഡിയ വഴി അധിക്ഷേപം കേള്‍ക്കേണ്ടി വരികയും ചെയ്തിരുന്നു. 2018ല്‍ കരണ്‍ജോഹറിന്റെ ടെലിവിഷന്‍ ചാറ്റ് ഷോയായ കോഫീ വിത്ത് കരണില്‍ സോനം കപൂര്‍ സുശാന്തിനെ കൊണ്ട് പറഞ്ഞ വാക്കുകളാണ് പ്രശ്‌നത്തിനിടയാക്കിയത്. ഷോയില്‍ കരണ്‍ സോനത്തിനോട് ബോളിവുഡിലെ ആകര്‍ഷണമുള്ള നടന്‍മാര്‍ ആരൊക്കെയാണെന്ന് ചോദിക്കുകയായിരുന്നു. ഹോട്ട് ഓര്‍ നോട്ട് എന്ന റാപിഡ് ഫയര്‍ റൗണ്ടില്‍ കരണ്‍ കുറേ നടന്‍മാരുടെ പേരു പറയുകയും അവര്‍ ആകര്‍ഷണമുള്ളവരാണോ എന്ന് സോനത്തോട് ചോദിക്കുകയുമായിരുന്നു. രണ്‍ബീര്‍ കപൂറും ഇമ്രാന്‍ ഖാനും വളരെ ആകര്‍ഷണമുള്ളവരാണെന്ന് പറഞ്ഞ സോനം സുശാന്ത് സിംഗ് എന്നു കേട്ടപ്പോള്‍ നടനെ അറിയില്ലെന്ന ഭാവമാണ് ആദ്യം കാണിച്ചത്. ഇത് കണ്ട കരണ്‍ ചിരിക്കുകയും ചെയ്തു. ആകര്‍ഷണീയനാണെന്നു കരുതുന്നു. എനിക്കറിയില്ല. ഞാനദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടില്ല എന്നാണ് സോനം ഇതിനു ശേഷം പറഞ്ഞത്. നടന്‍ അനില്‍ കപൂറിന്റെ മകളായതിനാലാണ് സോനം സിനിമയില്‍ എത്തിയതെന്നും സുശാന്തിനോട് നിങ്ങള്‍ കാണിച്ച മനോഭാവം ശരിയല്ലെന്നുമാണ് സോനത്തിനെതിരെ അന്ന് ഉയര്‍ന്ന വിമര്‍ശനം.