ബ്രസീലിയ: ആമസോണ്‍ മഴക്കാടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി ഗോത്രസമൂഹങ്ങള്‍ക്ക് കൊവിഡ് ഭീഷണിയാവുന്നു. വംശനാശ ഭീഷണിയിലാണ് പല ഗോത്രങ്ങളും. ഇതിനൊപ്പമാണ് കൊവിഡ് മഹാമാരി മേഖലയില്‍ പടരുന്നത്.
ആമസോണിലെ ഒരു തദ്ദേശീയ ഗോത്രമാണ് യനോമമി. ഇവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ബ്രസീലില്‍ ജീവിക്കുന്ന ഒട്ടുമിക്ക തദ്ദേശീയ സമൂഹങ്ങളുടെയും നിലനില്‍പ്പിന് കൊറോണ ഭീഷണിയായിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൈന്യത്തിനും അവിടങ്ങളില്‍ എത്തിപ്പെടാന്‍പോലും കഴിയാത്ത സാഹചര്യമാണ്.

ബ്രസീലിലെ റൊറൈമ സംസ്ഥാനത്തെ ഒറ്റപ്പെട്ട ഗോത്രങ്ങളെ കണ്ടെത്തി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നതിന് സൈനിക നടപടിയാണ് സ്വീകരിച്ചുവരുന്നത്. ഇവര്‍ക്കിടയില്‍ ബോധവത്കരണം, രോഗീപരിചരണം തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുകയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.