ഭുവനേശ്വേര്‍: രണ്ടാനച്ഛനെ പ്രീണിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന് 13കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. കേസ് ആയതോടെ ജോലി പോയി ജയിലിലുമായി. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ ബിര്‍മിത്രാപുര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് ആയ ആനന്ദചന്ദ്ര മാജിയാണ് പെണ്‍കുട്ടിയോട് ഇത്തരത്തില്‍ ക്രൂരമായി പെരുമാറിയത്. സംഭവം പുറംലോകം അറിയുകയും കേസാവുകയും ചെയ്തതോടെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
താന്‍ ബലാത്സംഗത്തിന് ഇരയായെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ വിശദമായ അന്വേഷണം നടത്താന്‍ ശിശുക്ഷേമ സമിതിയെ നിയോഗിച്ചു. ജില്ലാ കലക്ടര്‍ നിഖില്‍ കല്യാണിന്റെ ഇടപെടലിനെ തുടര്‍ന്ന് റായിബാഗ പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 22ന് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കി അന്വേഷണം നടത്താന്‍ കലക്ടര്‍ പൊലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയതിനും ആറു പേര്‍ക്കെതിരേ സുന്ദര്‍ഗഡ് ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എസ് ജെന റായിബഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ശിശുക്ഷേമസമിതിയുടെ റിപ്പോര്‍ട്ടിന്റെയും കുട്ടിയുടെ പ്രസ്താവനയുടെയും അടിസ്ഥാനത്തില്‍ ആയിരുന്നു ജെനയുടെ പരാതി. മാജിയെ കൂടാതെ ബിര്‍മിത്രാപുര്‍ പൊലീസ് സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരനും കുട്ടിയുടെ രണ്ടാനച്ഛനും മറ്റ് രണ്ടുപേരും നാലുമാസക്കാലം കുട്ടിയെ നിരന്തരമായി ബലാത്സംഗം ചെയ്തിരുന്നുവെന്ന് ജെനയുടെ പരാതിയിലുണ്ട്. ഇതോടെ ജൂണ്‍ 30ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

