പാലക്കാട്: എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ നഷ്ടമായ 7000 രൂപ ഒന്നരമാസത്തിനുശേഷം ബാങ്ക് ഓംബുഡ്സ്മാന്റെ ഇടപെടലിനെ തുടര്‍ന്ന് അക്കൗണ്ട് ഉടമയ്ക്ക് തിരിച്ചുകിട്ടി. വാണിയമ്പാറ സ്വദേശിയായ യുവാവിനാണ് പട്ടിക്കാട്ടെ എടിഎമ്മില്‍നിന്ന് പിന്‍വലിക്കുന്നതിനിടെ മേയ് 11ന് തുക നഷ്ടമായത്. അക്കൗണ്ടില്‍ തുക കുറവുവരുകയും എടിഎമ്മില്‍നിന്ന് ലഭിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് അക്കൗണ്ടുള്ള ബാങ്കില്‍ രേഖാമൂലം പരാതി നല്‍കി. ഇടപാട് പൂര്‍ത്തിയായെന്ന മറുപടിയാണ് ബാങ്കില്‍നിന്നു ലഭിച്ചത്.
തുടര്‍ന്ന് ഓംബുഡ്സ്മാന് പരാതി നല്‍കുകയായിരുന്നു. ഓംബുഡ്സ്മാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ബാങ്കിലെ മറ്റൊരു ഇടപാടുകാരനാണ് പണം ലഭിച്ചതെന്നു കണ്ടെത്തുകയും ചെയ്തു. പണം നഷ്ടമായ യുവാവിനു ശേഷമെത്തിയ ഇടപാടുകാരന്‍ മെഷീനില്‍ നിന്നു ലഭിച്ച പണം എടുക്കുയായിരുന്നു. ഓംബുഡ്സ്മാന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തി പണം ലഭിച്ചയാളുടെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് പണം ഈടാക്കി തിരുവനന്തപുരത്തെ ഓംബുഡ്സ്മാന്‍ ഓഫീസ് വഴി പരാതിക്കാരന് നല്‍കി.
അക്കൗണ്ട് ഉടമയക്ക് പണം പിന്‍വലിക്കാന്‍ എടിഎം ഏറെ സഹായകരമാണ്. എന്നാല്‍ സോഫ്റ്റ്‌വെയര്‍, വൈദ്യുതി, മെക്കാനിക്കല്‍ തകരാറുകള്‍മൂലം പലപ്പോഴും അക്കൗണ്ട് ഉടമയ്ക്ക് തുക ലഭിക്കാതെ വരുന്ന സന്ദര്‍ഭങ്ങള്‍ വിരളമല്ല. അങ്ങനെ സംഭവിച്ചാല്‍ അക്കൗണ്ടുള്ള ശാഖയില്‍ പരാതി നല്‍കണമെന്നാണ് ചട്ടം. തുക ലഭിച്ചില്ലെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അറിയാനുള്ളതേയുള്ളൂ. നിരവധി വാതിലുകളില്‍ മുട്ടി ഒന്നരമാസം നീട്ടിക്കൊണ്ടു പോകാതെ വേഗം പ്രശ്‌നപരിഹാരം നടത്തേണ്ടത് ബാങ്കുകള്‍ തന്നെയാണ്. കസ്റ്റമര്‍ ഫ്രണ്ട്‌ലി എന്നെല്ലാം ബോര്‍ഡില്‍ മാത്രം പോരാ, പ്രവൃത്തിയിലും കാണേണ്ടതുണ്ട്.