തൃശ്ശൂര്‍: തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ നടിയെ ആക്രമിച്ച വാനിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വീഡിയോ ചിത്രീകരിച്ച സംഭവം കോടതിയിൽ വിചാരണ നടന്നുവരികയാണ്. ആ സംഭവം ഉണ്ടായപ്പോൾ ജസ്റ്റിസ് ഹേമ അധ്യക്ഷയായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് മുമ്പിലുണ്ട്. പക്ഷേ ഇതുവരെയും അതിന്മേൽ നടപടി എടുത്തിട്ടില്ല.
ഇതിന് മുമ്പ് അടൂർഗോപാലകൃഷ്ണൻ നേതൃത്വത്തിൽ ചലച്ചിത്രരംഗത്ത് ഉണ്ടാകേണ്ട എത്തിക്സ് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് ചെയ്യുവാൻ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. ഈ റിപ്പോർട്ടിലേക്ക് സർക്കാറുകൾ തിരിഞ്ഞുനോക്കിയിട്ടില്ല. ആയിരക്കണക്കിനാളുകൾ തൊഴിലെടുക്കുന്ന വ്യവസായമാണ് ചലച്ചിത്ര ടിവി സീരിയൽ നിർമ്മാണം. നിയമവിധേയമായി അവിടുത്തെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുവാനും റെഗുലേറ്റ് ചെയ്യുവാനുമുള്ള സംവിധാനം ആണ് ആവശ്യം.
ഷംന കാസിമിനെ തട്ടിക്കൊണ്ടുപോവുക ആയിരുന്നു ഇപ്പോഴത്തെ സംഭവത്തിൽ ഉൾപ്പെട്ട കുറ്റവാളികളുടെ ലക്ഷ്യമെന്ന് ഐജി വിജയ സഖാറെ പറയുന്നുണ്ട്. വിദ്യാർഥികളും മോഡലുകളും അടക്കം 18 ലേറെ പെൺകുട്ടികളെ ഇവർ ബന്ദികളാക്കി പാർപ്പിച്ച് പണവും സ്വർണവും തട്ടിയെടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന് ചലച്ചിത്ര രംഗവുമായി ബന്ധമുണ്ട് എന്നും എന്നും വ്യക്തമായി. പണം തട്ടിപ്പിനും ലൈംഗിക ചൂഷണത്തിനും ഇരയായ പെൺകുട്ടികൾ മാർച്ച് മാസത്തിൽ തന്നെ പോലീസിൽ പരാതി നൽകിയിരുന്നതാണ്. ഇതെല്ലാം വിരൽചൂണ്ടുന്നത് അത് ചലച്ചിത്ര-സീരിയൽ രംഗത്ത് ദുഷ്പ്രവണതകൾ നിയന്ത്രിക്കുവാൻ സർക്കാരിന് ആവുന്നില്ല എന്ന് തന്നെ.