ആണിനെ പെണ്ണാക്കിയും പെണ്ണിനെ ആണാക്കിയും മാറ്റുന്ന ഫേസ് ആപ്പ് സ്വകാര്യവിവരങ്ങളും കൊണ്ടുപോകുമെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ്

കോഴിക്കോട്: ആണിനെ പെണ്ണാക്കിയും പെണ്ണിനെ ആണാക്കിയും മാറ്റുന്ന ഫേസ് ആപ്പ് നമ്മുടെ സ്വകാര്യവിവരങ്ങളും കൊണ്ടുപോകുമെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് റഷ്യന്‍ നിര്‍മിത ആപ്ലിക്കേഷനാണെന്നും ഫോണിലെ സ്വകാര്യവിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നുമാണ് സൈബര്‍ഡോം നല്‍കുന്ന മുന്നറിയിപ്പ്. ഫോട്ടോകള്‍ മാറ്റം വരുത്താനായി ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ തന്നെ ഫോണ്‍ ഉടമയുടെ എല്ലാ ഡാറ്റകളും കമ്പനിക്കു ലഭിക്കുന്നുണ്ട്.

അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ പ്രത്യേകമായി ന്യൂറോ നെറ്റ്വര്‍ക്കുപയോഗിച്ച് പ്രൊസസ് ചെയ്താണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ശേഖരിച്ച വിവരങ്ങള്‍ ആപ്പിന്റെ നിര്‍മാതാക്കള്‍ക്ക് ഏതുസമയത്തും ഉപയോഗിക്കാന്‍ സാധിക്കുമെന്നും സൈബര്‍ ഡോം വിദഗ്ധര്‍ പറയുന്നു. കൂടാതെ ഒരു വ്യക്തി ഫേസ്ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍തന്നെ അയാളുടെ ഡാറ്റകള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറുമെന്ന് കമ്പനിയുടെ നിബന്ധനകളില്‍ പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുന്നില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണുംപൂട്ടി Allow എന്ന് സമ്മതം നല്‍കുന്നവര്‍ അറിയുന്നില്ല തങ്ങളുടെ ഫോട്ടോകളും സ്വകാര്യവിവരങ്ങളും മറ്റൊരാള്‍ക്ക് കൈമാറാനുള്ള അനുമതി നല്‍കുകയാണെന്ന്. കൂടാതെ ഒരിക്കല്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം ഡിലീറ്റ് ചെയ്താലും ശേഖരിച്ച ഡാറ്റകള്‍ കമ്പനിക്ക് വീണ്ടും ഉപയോഗിക്കാന്‍ സാധിക്കും. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പുറമെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. ഫേക്ക് വിഡിയോകള്‍ക്കായി മുഖങ്ങളുടെ ഡാറ്റാബേസുകള്‍ നിര്‍മിക്കാന്‍ ഫേസ്ആപ്പില്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →