കുട്ടികള്‍ക്കായി തീയേറ്റര്‍ സൗകര്യത്തോടെ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ഇ@മാരാരി

ആലപ്പുഴ :ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനില്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ പ്രാദേശിക പഠന കേന്ദ്രം ഇ@മാരാരി 12മത് കേന്ദ്രം തിയേറ്റര്‍ സൗകര്യത്തോടെ ഉദയ വായനശാലയില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് നല്‍കിയ മള്‍ട്ടീമീഡിയ പ്രോജെക്ടറും മൂവബിള്‍ സ്‌ക്രീനും ലൈബ്രറി കൗണ്‍സില്‍ നല്‍കിയ സൗണ്ട് സിസ്റ്റവും ഉപയോഗിച്ചാണ് കുട്ടികള്‍ക്കായി ‘ഉദയാ മിനി തിയേറ്റര്‍’ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക്  സംശയനിവാരണത്തിനായി മെന്റര്‍മാരും അധ്യാപകരും സെന്ററില്‍ ഉണ്ടാകും.

എസ്‌ഐഇറ്റിയുടെ സഹകരണത്തോടെ ബാല ചലച്ചിത്ര പ്രദര്‍ശനവും, നിര്‍മാണ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പഠന പരിശീലനവും മിനി തീയേറ്ററില്‍ നടത്തും. കൂടാതെ വിനോദ പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍ ഡോക്യൂമെന്ററികള്‍, സിനിമകള്‍, സാഹിത്യ ചര്‍ച്ചകള്‍, സാംസ്‌കാരിക പരിപാടികള്‍, വിനോദ വിജ്ഞാന പരിപാടികള്‍ എന്നിവയും മിനി തീയേറ്ററില്‍ നടക്കും. സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പരിപാടികള്‍ നടത്തുക.

മിനി തീയേറ്ററില്‍ കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ വളര്‍ത്താന്‍ ഉതകുന്ന പരിശീലന കളരികള്‍ സംഘടിപ്പിക്കണമെന്നും സിനിമകള്‍ കാണുന്നതോടൊപ്പം ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കുട്ടികളുടെ ആവിഷ്‌കാരങ്ങള്‍ക്ക് മിഴിവേകാന്‍കൂടി ഇതിലൂടെ സാധിക്കട്ടെ എന്ന് മിനി തിയേറ്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ്ഡിപി ചെയര്‍മാന്‍ സി. ബി. ചന്ദ്രബാബു ആശംസിച്ചു. വായന ദിനത്തോടനുബന്ധിച്ചു വായനശാല സംഘടിപ്പിക്കുന്ന കുട്ടികള്‍ക്ക് പുസ്തകം വീടുകളിലെത്തിച്ച് കൊടുക്കുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി. ബാലചലച്ചിത്ര സാങ്കേതികതയുമായി ചേര്‍ന്ന് എസ്‌ഐഇറ്റി തയ്യാറാക്കിയ സിഡികള്‍ ഉദയ മിനി തീയേറ്ററിന് കെ. റ്റി. മാത്യു കൈമാറി.

ചടങ്ങില്‍ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ടി. മാത്യു, മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജി. ലൈജു, ബിപിഒ സല്‍മോന്‍, നവീന്‍, അജി എന്നിവര്‍ സംസാരിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5628/e@marari.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →