ന്യൂഡല്‍ഹി: അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ്ബാങ്ക് കീഴിലാവും. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് കേന്ദ്രം പുറപ്പെടുവിച്ചു. ഇതോടെ അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്കു കീഴിലാകും. 1482 അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍ റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലാകുമെന്നാണ് കണക്കാക്കുന്നത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള ഭരണത്തിനു കീഴിലാകും. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും.
എന്നാല്‍, ഗ്രാമീണ മേഖലയിലെ പ്രാഥമിക സഹകരണ ബാങ്കുകളെയും കാര്‍ഷിക സഹകരണ ബാങ്കുകളെയും സംഘങ്ങളെയും ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നിട്ടില്ല. സഹകരണ ബാങ്കുകളില്‍ 8.6 കോടി ആളുകള്‍ക്ക് 4.84 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ സഹകരണ ബാങ്കുകളുടെ കിട്ടാക്കടം ആര്‍ബിഐക്ക് പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ കഴിയും. കഴിഞ്ഞ ബജറ്റില്‍ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന് കീഴില്‍ കൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ സൂചിപ്പിച്ചിരുന്നു.

