ആലപ്പുഴ: വിരമിച്ച അധ്യാപികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമം. ആലപ്പുഴ നഗരത്തിൽ ഇതിൽ കോൺവെൻറ് സ്ക്വയറിൽ താമസിക്കുന്ന വിരമിച്ച അധ്യാപിക കോശിയെ ആണ് കൊറിയർ നൽകാനുണ്ട് എന്നുപറഞ്ഞ് വീട്ടിലെത്തിയ അജ്ഞാതനായ യുവാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ലില്ലിയുടെ മക്കളും മരുമക്കളും വിദേശത്താണ് താമസം. അജ്ഞാതൻ എത്തിയ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മാസ്ക് ധരിച്ചാണ് എത്തിയത്. കൊറിയർ തരാനുണ്ട് എന്ന് പറഞ്ഞ് കതക് തുറപ്പിച്ചു. അതിനുശേഷമാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. 30 ലക്ഷം രൂപ തരണം ഇല്ലെങ്കിൽ കൊന്നുകളയും എന്നായിരുന്നു ആവശ്യം. പണമോ സ്വർണമോ ഇല്ല എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഭീഷണി തുടർന്നു. അടുത്ത ദിവസം വീണ്ടും വരുമെന്നും പണവും സ്വർണവും തന്നില്ലെങ്കിൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി പോയി. ഒരു ബൈക്കിൽ ആണ് ഇയാൾ എത്തിയത്. ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
വൃദ്ധയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്യാൻ ശ്രമം
