ബംഗളൂരു: കര്‍ണാടകയില്‍ വന്യമൃഗങ്ങള്‍ക്ക് ഭീഷണിയായി ടിക് ടോക്ക് വീഡിയോകള്‍. സംസ്ഥാന വന്യമൃഗ കുറ്റകൃത്യ വിഭാഗം കഴിഞ്ഞ രണ്ടുമാസത്തിനിടെ 50ലധികം പേര്‍ക്കെതിരെയാണ് ഈ വിഷയത്തില്‍ കേസെടുത്തിരിക്കുന്നത്.
മൃഗങ്ങളെ ഉപദ്രവിക്കുന്ന ടിക് ടോക്ക് വീഡിയോകള്‍ അപ് ലോഡ് ചെയ്തവര്‍ക്കെതിരേയാണ് വകുപ്പ് നടപടി എടുത്തത്. ഇത്തരം വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നത് ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. അതിനാല്‍ മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നതോ മോശമായി പെരുമാറുന്നതോ ആയ വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളുകളെ കണ്ടെത്താന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒരു സംഘം തന്നെ സംസ്ഥാനത്ത് രൂപീകരിച്ചു. ഇത്തരം കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായം തേടി ഡബ്ല്യുസിസിബിയും വനം വകുപ്പും ടിക് ടോക്കിനെ സമീപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച(12-06-20)യാണ് വനംവകുപ്പ് തീരുമാനമെടുത്തത്.
പാമ്പുകള്‍, കുരങ്ങുകള്‍, പൂച്ചകള്‍, കാട്ടുപന്നി,കിളികള്‍, പല്ലികള്‍, മുയലുകള്‍ തുടങ്ങിയവയെയാണ് വീഡിയോകള്‍ക്കായി ഉപയോഗിക്കുന്നത്. യുവാക്കളും തൊഴിലില്ലാതെ കറങ്ങി നടക്കുന്നവരുമാണ് ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കമ്മിറ്റി എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും നീരിക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമലംഘകരെ പിടികൂടാന്‍ പോലീസും സൈബര്‍ സെല്ലും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് പ്രവര്‍ത്തിക്കും. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ -4 പ്രകാരമുള്ള നടപടികളാണ് ഇവര്‍ക്കെതിരേ എടുക്കുക.

