പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മര്‍ദിച്ചു കൊന്നുവെന്ന ആരോപണവുമായി മാതാപിതാക്കള്‍. മേയ് 22ന് കുഴഞ്ഞുവീണു മരിച്ച നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ(29) മാതാപിതാക്കളാണ് അന്വേഷണം ആവശ്യപ്പെട്ടത്. ജനുവരി ഒന്നിന് വൈകീട്ട് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങള്‍ തമ്മില്‍ ഉരസിയിരുന്നു. ഇത് പോലീസ് ഒത്തുതീര്‍പ്പിലെത്തിച്ച് ഇരുവരെയും പോകാന്‍ അനുവദിച്ചതാണ്. എന്നാല്‍, ഈ സമയം ആരുടേയോ ഫോണ്‍ വഴിയുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ജോയല്‍ സ്റ്റേഷനില്‍ നില്‍ക്കാന്‍ ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടു. സ്റ്റേഷനിലേക്കു കയറിവന്ന ഇന്‍സ്പെക്ടര്‍ വിവരം തിരക്കുക പോലും ചെയ്യാതെ പിതാവിന്റെയും പിതൃസഹോദരിയുടെയും സഹോദരന്റെയും മുമ്പിലിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. തടയാന്‍ ശ്രമിച്ച പിതാവിനെയും പിതൃസഹോദരിയെയും പൊലീസ് മര്‍ദിച്ചു.
സെല്ലിലടച്ച ജോയലിനെ പിന്നീട് ജാമ്യത്തിലിറക്കുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവി കാമറയില്‍ ഇതെല്ലാം വ്യക്തമാണ്. രാത്രി പുറത്തുവന്നശേഷം പല ആശുപത്രികളിലായി ചികില്‍സ നടത്തി. സംഭവത്തെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാവാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. മേയ് 22നാണ് ജോയല്‍ മരിച്ചത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്നു ജോയല്‍. പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
സംഭവദിവസം രാവിലെ മന്ത്രി എ സി മൊയ്തീന്റെ പേഴ്സണല്‍ സ്റ്റാഫില്‍പെട്ട ഒരാള്‍ വീട്ടിലെത്തി ജോയലിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനുശേഷമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ചികിത്സകള്‍ തുടരുന്നതിനിടെ മേയ് 22ന് ജോയല്‍ മരിച്ചു. ബന്ധുക്കളുടെ പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി.
ഇതിനിടെ ജോയലിനെ മര്‍ദിച്ച ഇന്‍സ്പെക്ടര്‍ യു ബിജു തനിക്ക് അബദ്ധം പറ്റിയതാണെന്നും പരാതി നല്‍കരുതെന്നും പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം കാട്ടി മുഖ്യമന്ത്രി, ഡിജിപി, പോലീസ് കംപ്ലയന്റ് അതോരിറ്റി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പിതാവ് ജോയിക്കുട്ടി, മാതാവ് മറിയാമ്മ, സഹോദരന്‍ ജിജോ, പിതൃസഹോദരി കെ കെ കുഞ്ഞമ്മ, പിതൃസഹോദരന്‍ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

