കോട്ടയം: വീട് പട്ടിണിയിലാണെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. വെള്ളാശ്ശേരി കാശാംകാട്ടില്‍ രാജു(55)വാണ് ആണ് സാമ്പത്തിക പ്രയാസം മൂലം തൂങ്ങിമരിച്ചത്. 14 വര്‍ഷമായി ഹോട്ടലിലെ സപ്ലേയറായി ജോലി ചെയ്യുകയായിരുന്നു. ലോക്ഡൗണ്‍ വന്നതോടെ ഹോട്ടലിലെ ജോലി നഷ്ടമായി. ഇതോടെ ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം പട്ടിണിയിലായി.
രാജുവും ഭാര്യ ഷീലയും എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ എയ്ഞ്ചലും നാലാം ക്ലാസുകാരനായ ഇമ്മാനുവലും എട്ടുവര്‍ഷമായി കെഎസ്പുരം അലരിയില്‍ വാടകയ്ക്കാണു താമസിക്കുന്നത്. വീടുവയ്ക്കാന്‍ സാമ്പത്തികസഹായത്തിന് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിട്ടില്ല. ജോലി നഷ്ടമായതോടെ നാലുമാസമായി വീട്ടുവാടക കൊടുക്കാനായിട്ടില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണംകണ്ടെത്താന്‍ കഴിയാതെവന്നതും മരണകാരണമായി ബന്ധുക്കള്‍ പറയുന്നു.
ഭാര്യയും മക്കളും മിക്കദിവസവും പട്ടിണിയിലാണെന്നും കുട്ടികളുടെ പഠനകാര്യം നോക്കാന്‍ കഴിയുന്നില്ലെന്നും വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നതെന്നും ഒരു വീടുവയ്ക്കാന്‍ സഹായിക്കണമെന്നും കൈയൊഴിയരുതെന്നും രാജുവിന്റെ പോക്കറ്റില്‍നിന്നു കിട്ടിയ മുഖ്യമന്ത്രിക്കുള്ള കത്തില്‍ പറയുന്നു. പുറത്തുപോയിരുന്ന അനുജന്‍ സന്തോഷ് തിരിച്ചെത്തിയപ്പോഴാണ് രാജുവിനെ വീട്ടിലെ മരിച്ചനിലയില്‍ കണ്ടത്.