നെന്മാറ(പാലക്കാട്): നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ സംഘം പിടിയിലായി. തിരുവടിയാട് പുത്തന്‍തറ രാജേഷ് (27), മല്ലന് പാറക്കല്‍ രമേഷ് (27), ചീരപ്പൊറ്റ മിഥുന് (19), ചീരപ്പൊറ്റ അനീഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികളില്‍ രാജേഷാണ് പെട്രോള്‍ നിറച്ച കുപ്പിയില്‍ തീ കൊളുത്തി സ്റ്റേഷനിലേക്ക് എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ നോക്കി പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
ഇവരുടെ സുഹൃത്തുക്കളായ തിരുവഴിയാട് ഇടപ്പാടം കാര്‍ത്തിക് (25), പമ്പാവാസന്‍ (48), അജീഷ് 25 എന്നിവരെ കഴിഞ്ഞദിവസം മാസ്ക് ധരിക്കാതെ കൂട്ടംകൂടിയതിന് പട്രോളിങ് സംഘം പിടികൂടിയിരുന്നു. തുടര്‍ന്ന് എസ്ഐ ജെയ്സനെ സംഘം അസഭ്യം പറയുകയും കൈയേറ്റം നടത്തുകയും ചെയ്തു. ഇതില്‍ ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു. ഈ സംഭവമാണ് സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബ് എറിയാന്‍ കാരണമെന്നും ഇവര്‍ നിരവധി കേസുകളിലെ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

