ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം ഉഭയകക്ഷി കരാറനുസരിച്ച് പരിഹരിക്കാന്‍ ഇരുകൂട്ടരും സമ്മതിച്ചുവെന്ന് ഇന്ത്യ പറയുമ്പോഴും ചൈനയുടെ യഥാര്‍ഥ ഉള്ളിലിരുപ്പ് എന്തെന്ന് ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥതലത്തിലും ഉയര്‍ന്ന സൈനിക അധികൃതരുടെ തലത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനകം 12 വട്ടം ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തിപ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇന്ത്യ പ്രകടിപ്പിക്കുന്നത്. ചൈന ഇന്ത്യയുടെ ശത്രുവല്ലെന്നും നിലവിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം പ്രസ്താവന പുറപ്പെടുവിച്ചത് ചര്‍ച്ചകളുടെ ഈ പുരോഗതി കണ്ടിട്ടാണ്.
അതിര്‍ത്തി മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ധാരണയായെന്ന് ഇന്ത്യ പറയുന്നതിനിടെ, ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള സൈനിക സന്നാഹത്തിന്റെ പ്രചാരണ വിഡിയോ ചൈനീസ് സേന പുറത്തുവിട്ട് ഏവരെയും അമ്പരപ്പിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ആയിരക്കണക്കിന് സൈനികരും ടാങ്കുകളടക്കമുള്ള സൈനിക വാഹനങ്ങളും വ്യോമസേനാംഗങ്ങളുമൊക്കെ വിഡിയോയില്‍ അണിനിരക്കുന്നുണ്ട്. മധ്യചൈനയിലെ ഹുബെയ് പ്രവിശ്യയില്‍നിന്ന് വടക്കുപടിഞ്ഞാറന്‍ മേഖലയിലേക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സൈനിക നീക്കം സാധ്യമാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്. ആവശ്യമെന്നുവന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അനായാസം എത്തിച്ചേരാന്‍ കഴിയുന്നതരത്തിലാണ് ചൈനയുടെ സേനാവിന്യാസമെന്നാണ് രണ്ടും കൂട്ടിവായിക്കുമ്പോള്‍ മനസിലാവുന്നത്. ചൈനീസ് സര്‍ക്കാരിന്റെ മാധ്യമമായ ‘ഗ്ലോബല്‍ ടൈംസ്’ ആണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
അതിര്‍ത്തിതര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള ഇന്ത്യയുടെ എല്ലാ പരിശ്രമങ്ങളെയും പിറകോട്ടടിപ്പിക്കുമോ ചൈനയുടെ ഈ പ്രവൃത്തിയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നടന്ന ചര്‍ച്ചയുടെ മഷിയുണങ്ങുംമുമ്പ് ചൈന വീഡിയോ പുറത്തുവിട്ടത് അന്താരാഷ്ട്ര രംഗത്തും ചര്‍ച്ചയായിട്ടുണ്ട്. ലഡാക്കില്‍ നടത്തിയ ഉന്നതതല ചര്‍ച്ചയുടെ പിറ്റേന്നാണ് വിദേശകാര്യ മന്ത്രാലയം പിരിഹാരനിര്ദേശങ്ങള് ഉരുത്തിരിഞ്ഞ കാര്യം പുറത്തുവിട്ടത്. കിഴക്കന്‍ ലഡാക്കിലെ മാള്‍ഡോ നിയന്ത്രണരേഖയില്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുന്ന സ്ഥലത്തായിരുന്നു ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം നടന്ന ചര്‍ച്ച. ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര തലത്തില്‍ ആശയവിനിമയം തുടരുമെന്നും പ്രസ്താവനയില്‍ ഏറെ സന്തോഷത്തോടെ ഇന്ത്യ പറഞ്ഞിരുന്നു.
മെയ് അഞ്ചിനും ആറിനും പാംഗോങ് തടാകത്തിനടുത്ത് ഇരുസൈന്യങ്ങളും മുഖാമുഖം കണ്ടതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. 1962നു ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ രൂപപ്പെട്ട ഏറ്റവും വലിയ അതിര്ത്തിത്തര്ക്കമായിരുന്നു ഇത്. ഇന്ത്യയുടെ മൂന്ന് പ്രദേശങ്ങളിലേക്ക് ചൈനീസ് സൈന്യം കടന്നുകയറിയിരുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അഞ്ച് പ്രധാന മേഖലകളില്‍ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. ഇതില്‍ ലഡാക്ക് മേഖലയിലെ പ്രശ്നങ്ങളുടെ പരിഹാരത്തിനായാണ് കഴിഞ്ഞ നാളുകളില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നത്. ലഡാക്ക് അടക്കമുള്ള അതിര്‍ത്തികളില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് ചൈനീസ് സേന പ്രചാരണ വീഡിയോ പുറത്തുവിട്ടത്.

