അഞ്ചല്‍: മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് ഭാര്യ മരിച്ചു. ലഹരി ഇറങ്ങിയപ്പോള്‍ മനംനൊന്ത് തൂങ്ങിമരിച്ചു. ഇടമുളയ്ക്കല്‍ കൈപ്പള്ളി ജങ്ഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന സുനില്‍ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ സുനിലും സുജിനിയും തമ്മില്‍ വഴക്കുണ്ടായി. സുനിലിന്റെ മര്‍ദനമേറ്റ് സുജിനി നിലത്തുവീണു. ഇത് ഗൗനിക്കാതെ സുനില്‍ കിടന്നുറങ്ങി. രാവിലെ ആറോടെ ഉറക്കമുണര്‍ന്ന സുനില്‍ പുറത്തുപോയി പാല്‍വാങ്ങി വന്നപ്പോഴും ഭാര്യ അനക്കമറ്റ് കിടക്കുകയായിരുന്നു. കുലുക്കിവിളിച്ചെങ്കിലും ഉണര്‍ന്നില്ല. സുജിനി മരിച്ചെന്നു മനസിലാക്കിയ സുനില്‍ മനോവിഷമത്തില്‍ തൂങ്ങിമരിച്ചുവെന്നാണ് കരുതുന്നത്.
സുനില്‍ രാവിലെ മാതാവ് രാധയെ ഫോണില്‍വിളിച്ച് സുജിനിക്ക് സുഖമില്ലെന്നും ഉടന്‍ വീട്ടിലെത്തണമെന്നും പറഞ്ഞിരുന്നു. അല്‍പംകഴിഞ്ഞ് രാധ തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് രാധ സുജിനിയുടെ പിതാവ് ഷാജിയെ വിവരമറിയിച്ചു. ഷാജി എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് മുറിക്കുള്ളില്‍ സുനിലിനെയും സുജിനിയെയും മരിച്ചനിലയില്‍ കണ്ടത്. ഇവരുടെ മൂന്നുവയസ്സുള്ള മകള്‍ അശ്വതി അപ്പോഴും ഉറങ്ങുകയായിരുന്നു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ സുജിനിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. പാടുകളിലെ വിരലടയാളം സുനിലിന്റേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മരപ്പണിക്കാരനാണ് സുനില്‍. പിതാവ്: മുരുകന്‍. സുജിനിയുടെ മാതാവ് ജയശ്രീ.