കോഴിക്കോട്: ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയുടെ സഹോദരിയുടെ പഠനച്ചെലവ് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ ഓണ്‍ലൈന്‍ പഠനോപകരണങ്ങളും കുടുംബത്തിന് സുരക്ഷിത ഭവനവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവികയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മലപ്പുറം വളാഞ്ചേരി മാങ്കേരി കോളനിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ‘ഞാന്‍ പോകുന്നു’വെന്ന് നോട്ട് ബുക്കില്‍ കുറിച്ചശേഷമാണ് ദേവിക ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ സങ്കടം അറിയിച്ചിരുന്നതായി ദേവികയുടെ മാതാപിതാക്കള്‍ പറഞ്ഞു.