കൊച്ചി: ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഭര്‍ത്താവ് തയ്യാറല്ലാത്തതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയില്‍ കേസ്. ചൊവ്വാഴ്ചയാണ് കോടതി കേസ് പരിഗണിച്ചത്. 20 വയസുണ്ട് പരാതിക്കാരിക്ക്. ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെക്കുറിച്ച് ഭര്‍ത്താവ് സംശയിക്കുന്നതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയിലെത്തിയത്. നിലവില്‍ നാലുമാസം ഗര്‍ഭിണിയായ യുവതിയുടെ പരാതി ഹരജിയായി ഫയലില്‍ സ്വീകരിക്കാന്‍ വിസ്സമ്മതിച്ച കോടതി ഭര്‍ത്താവിനോട് ഇ- മെയിലിലൂടെയും വാട്സ്ആപ്പിലൂടെയും നോട്ടീസ് അയച്ച് മറുപടി തേടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അനു ശിവരാമനാണ് യുവതിയുടെ പരാതി പരിഗണിച്ചത്.
ഭര്‍ത്താവ് സംശയം ഉന്നയിച്ചതിനാല്‍ യുവതിയിപ്പോള്‍ മാതാവിനൊപ്പമാണ് താമസം. കൗണ്‍സലിങിന് ശ്രമിച്ചെന്നും ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഭര്‍ത്താവ് സംശയം പ്രകടിപ്പിച്ചതാനാല്‍ ഗര്‍ഭിണിയായ യുവതി വലിയ മനോവിഷമത്തിലാണെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ഇത് വിവാഹിതരായ രണ്ടുപേരുടെ കാര്യമാണെന്ന് ഓര്‍മവേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടി തന്റേതല്ലെന്ന് ഭര്‍ത്താവ് ശഠിച്ചതോടെ യുവതി വലിയ പരിഹാസത്തിനും ക്രൂരതയ്ക്കും ഇരയാവുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടിന്റെ സെക്ഷന്‍ അഞ്ച് പ്രകാരം മാതാവിന്റെ മാനസികാരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കാമെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. ഭര്‍ത്താവിന്റെ മറുപടി ലഭിച്ചശേഷം കേസ് നടപടികള്‍ തുടരും.

