തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ രണ്ടാഴ്ച നീട്ടി. രണ്ടാഴ്ചയ്ക്കുശേഷം ഇതുവരെയുള്ള ക്ലാസുകള്‍ പുനസംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍ സംവിധാനം എല്ലായിടത്തുമെത്താന്‍ രണ്ടാഴ്ച വരെ സമയമെടുക്കുമെന്ന വിലയിരുത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. ജൂണ് 14 വരെ ട്രയല്‍ ആയിരിക്കും. ഈ കാലയളവില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ 14ന് ശേഷം പുനസംപ്രേഷണം ചെയ്യും.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്തവര്‍ക്ക് ഈ കാലയളവുകൊണ്ട് ലാപ്‌ടോപോ ടിവിയോ ഉപയോഗിച്ച് ബദല്‍ സംവിധാനമൊരുക്കും. ഐടി അറ്റ് സ്‌കൂളിന് കീഴിലുള്ള 1.20 ലാപ്‌ടോപും 70,000 പ്രൊജക്ടറുകളും 4545 ടിവികളും ഇതിനായി ഉപയോഗിക്കാനുള്ള നിര്‍ദേശം ചൊവ്വാഴ്ച കൈറ്റ് നല്‍കിയിരുന്നു. തദ്ദേശസ്ഥാപനങ്ങളും സ്‌കൂളും സഹകരിച്ച് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കുടുംബശ്രീ തുടങ്ങിയ മറ്റ് സന്നദ്ധ സംഘടനകളുടെ സഹകരണവും തേടും. പുതിയ സാഹചര്യത്തില്‍ ജൂണ്‍ 15 മുതലാവും സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിക്കുക.

