മലപ്പുറം: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ‘ആചാരവെടി’ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ 33 പേര് അറസ്റ്റിലായി. വാട്സാപ് ഗ്രൂപ്പ് അഡ്മിന് കുറ്റിപ്പാല സ്വദേശി അശ്വന്ത് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഗ്രൂപ്പില്‍ അംഗങ്ങളായ വിദേശത്തുള്ളവര്ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. ഗ്രൂപ്പില്‍ അംഗങ്ങളായ മുഴുവന്‍ പേരെയും പിടികൂടാനാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും. ഗ്രൂപ്പ് അംഗങ്ങളില്‍ പലരും വിദേശത്ത് ജോലിയിലുള്ളവരാണ്. ആചാരവെടി വാട്സ്അപ്പ് ഗ്രൂപ്പില്‍ 257 പേരാണ് അംഗങ്ങളായി ഉള്ളത്. ഇവര്‍ക്കെതിരേയും നടപടിയുണ്ടാവും.
25 ദിവസമായി മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസിനു പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണുന്നതും പ്രചരിപ്പിക്കുന്നതും രാജ്യാന്തര തലത്തില്‍ത്തന്നെ കടുത്ത ക്രിമിനല്‍ കുറ്റമാണ്. കുട്ടികള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന യുനിസെഫാണ് കേരളത്തില്‍ ഇത്തരം ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതു കണ്ടെത്തിയതും സംസ്ഥാന ക്രൈം എഡിജിപി മനോജ് ഏബ്രഹാമിനെ ഇന്റര്‍പോള്‍ മുഖേന അറിയിച്ചതും. കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ് അഡ്മിനെന്നു തിരിച്ചറിഞ്ഞതോടെ എഡിജിപി അന്വേഷണച്ചുമതല മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ ഏല്പിക്കുകയും സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയുമായിരുന്നു.
ബിടെക് ബിരുദധാരിയായ അശ്വന്തും ചങ്ങരംകുളം ആലങ്കോട് സ്വദേശി രാകേഷ്(40)മാണ് ‘ആചാരവെടി’ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാര്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വയ്ക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. അഞ്ചുവര്‍ഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിട്ടുള്ളത്. മലപ്പുറം ജില്ലയിലെ 15 പേര് ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. ആദ്യം അറസ്റ്റിലായവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായത്.

