തിരുവനന്തപുരം: ഏപ്രില്‍ സൗജന്യറേഷന്‍ വാങ്ങിയവരെ മെയ് മാസത്തില്‍ കണ്ടില്ല! രണ്ടുലക്ഷത്തിലേറെ പേരുടെ അരിവാങ്ങല്‍ സംശയാസ്പദം. ബയോമെട്രിക് സംവിധാനം തത്കാലം പിന്‍വലിച്ച ഏപ്രിലില്‍ മുന്‍ഗണനാവിഭാഗത്തിലെ 98 ശതമാനം പേരും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ അരി വാങ്ങിയതായാണ് കണക്കുകളില്‍ കാണുന്നത്. എന്നാല്‍, ബയോമെട്രിക് സംവിധാനം വീണ്ടും കര്‍ശനമാക്കിയ മേയില്‍ ഇതില്‍ 2,01,194 പേര്‍ സൗജന്യമായി വിതരണം ചെയ്ത അരി വാങ്ങിയിട്ടില്ല. ഇതാണ് സംശയത്തിനിടയാക്കിയത്.
ഏപ്രില്‍ മാസത്തിലെ റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി കേന്ദ്ര ഭക്ഷ്യവകുപ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. ബയോമെട്രിക് സംവിധാനം ഏപ്രിലില്‍ ഒഴിവാക്കിയിട്ട് പകരം ഒടിപി സംവിധാനവും അതിനും കഴിഞ്ഞില്ലെങ്കില്‍ മാന്വലായി എഴുതിചേര്‍ക്കാനുമായിരുന്നു നിര്‍ദേശം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും സൗജന്യ അരിയും കിറ്റും ഉള്‍പ്പെടെ കിട്ടാന്‍ സ്വീകരിച്ച ലളിതമായ മാര്‍ഗം വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് വിലയിരുത്തല്‍.
ഏപ്രിലില്‍ റേഷന്‍ വാങ്ങിയവരില്‍ 57.55 ശതമാനം പേര്‍ മാത്രമാണ് ഒടിപി ഉപയോഗിച്ചത്. ഇ- പോസ് മെഷീനില്‍ വിരല്‍ സ്‌കാനിങിനായി വയ്ക്കുമ്പോള്‍ കൊറോണ രോഗാണുക്കള്‍ മറ്റൊരാളിലേക്ക് പകരാതിരിക്കാനാണ് ഏപ്രിലില്‍ ബയോമെട്രിക് സംവിധാനം തത്കാലം വേണ്ടെന്നുവച്ച് ഒടിപി സംവിധാനത്തിലേക്ക് മാറിയത്. മേയില്‍ റേഷന്‍ വാങ്ങിയവരില്‍ 96.33 ശതമാനം പേരും ബയോമെട്രിക് സംവിധാനവും 2.07 ശതമാനം ഒടിപിയും ഉപയോഗിച്ചു. ഇതൊന്നുമല്ലാതെ റേഷന്‍ വാങ്ങിയത് 1.6 ശതമാനം പേരാണ്. ലോക്ക്ഡൗണ്‍ ആയപ്പോള്‍ റേഷനരി വാങ്ങണമെന്ന ട്രെന്റ് ഉണ്ടായിരുന്നതിനാല്‍ ഏപ്രിലില്‍ എല്ലാവരും അരി വാങ്ങി. പിന്നീട് മറ്റ് കടകള്‍ തുറന്നുതുടങ്ങിയതുകൊണ്ടും റേഷനരിയോടുള്ള താത്പര്യക്കുറവുകൊണ്ടുമാണ് മേയില്‍ റേഷന്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കുത്തനെ കുറവുവന്നതെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയന്നത്.

