ഓണ്‍ലൈനില്‍ ക്ലാസെടുത്ത അധ്യാപികമാരുടേതടക്കം ചിത്രങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ കുറ്റകരമായ പ്രചരണം നടത്തിയവര്‍ കുടുങ്ങും; പൊലീസ് കര്‍ശന നടപടിക്ക്

തിരുവനന്തപുരം: ഓണ്‍ലൈനില്‍ ക്ലാസെടുത്ത അധ്യാപികമാരുടേതടക്കം ചിത്രങ്ങള്‍ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറ്റകരമായ പ്രചരണം നടത്തിയവര്‍ കുടുങ്ങും; പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. ഓണ്‍ലൈനായി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹികവിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഈ മഹാമാരിയുടെ ഘട്ടത്തില്‍ വരുംതലമുറയുടെ വിദ്യാഭ്യാസത്തിനായി ആവിഷ്‌കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അധ്യാപകസമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ശരിയല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാവണമെന്നും പൊലീസ് വ്യക്തമാക്കി.

കുട്ടികള്‍ക്കായി ക്ലാസെടുക്കുന്ന അധ്യാപകരുെട ചിത്രങ്ങളും വീഡിയോയും സഭ്യതയുടെ അതിര്‍വരമ്പുകള്‍ സംഘിക്കുന്ന തരത്തില്‍ സൈബര്‍ ഇടങ്ങില്‍ ചിലര്‍ അവതരിപ്പിക്കുന്നത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.

അധ്യാപികമാരെ അവഹേളിക്കാന്‍ ശ്രമിച്ചവര്‍ തീകൊണ്ടാണു കളിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കേരളത്തിന്റെ അഭിമാനമാണ് ഈ അധ്യാപകര്‍. സഭ്യേതരമായ ഭാഷയില്‍ അധ്യാപകരെ അവഹേളിക്കുന്ന വികൃതമനസുകളെ നാമിന്നു കണ്ടു. ഇതിന് ഇരയായ അധ്യാപികമാര്‍ വിഷമിക്കരുതെന്നും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →