തിരുവനന്തപുരം: കോവിഡിനെ തുരത്താന്‍ ലോക്ഡൗണ്‍ പ്രഖ്യാപിട്ടുള്ളതുമൂലം ഇന്നുമുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇല്ലാതാവുന്നതോടെ ക്ലാസുകള്‍ സാധാരണ നിലയിലാവുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. വിക്‌ടേഴ്‌സ് ചാനലിലാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ ടിവി- ലാപ്ടോപ്- മൊബൈല്‍ സ്‌ക്രീനുകളില്‍ ലഭ്യമാവുന്ന ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഒന്നാംക്ലാസുകാരുടെ മുഴുവന്‍ കുടുംബാംഗങ്ങളും കുട്ടികള്‍ക്കൊപ്പം ക്ലാസുകള്‍ കേള്‍ക്കണം.
പ്ലസ് ടുവിനുള്ള നാല് വിഷയവും രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയം വൈകിട്ട് 5.30 മുതലും പുനസംപ്രേഷണം ചെയ്യും. മറ്റ് വിഷയങ്ങളുടെ പുനസംപ്രേഷണം ശനിയാഴ്ചയാണ്. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. എസിവി ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്വര്‍ക്കില്‍ 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളില്‍ ലഭിക്കും. വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടിവിയിലും 642ാം നമ്പര്‍. മറ്റ് ഡിടിഎച്ചുകളിലും ചാനല്‍ ഉടന്‍ ലഭ്യമാക്കും.
ടിവിയോ ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലാത്ത രണ്ടര ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ക്കും ഒരു ക്ലാസ് പോലും നഷ്ടമാകില്ല. ഇവരുടെ വീട്ടിലോ പരിസരത്തെ വായനശാല, അങ്കണവാടി എന്നിവിടങ്ങളിലോ പഠനസൗകര്യം ഉറപ്പാക്കും. ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്, 7000 പ്രൊജക്ടര്‍, 4545 ടെലിവിഷന്‍ എന്നിവ ഇതിനായി ഉപയോഗിക്കും.
http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും www.facebook.com/victerseduchannel പേജിലും തല്‍സമയവും സംപ്രേഷണം ചെയ്യും. ക്ലാസ് തീര്‍ന്നയുടന്‍ youtube.com/itsvicters യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യും. ജോലിക്കുപോകുന്ന രക്ഷിതാക്കള്‍ക്കും അതത് സമയം കേള്‍ക്കാനാവാത്തവര്‍ക്കും ഈ ലിങ്കുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും അവരവരുടെ വീട്ടിലിരുന്ന് ക്ലാസുകള്‍ കേള്‍ക്കും. രാത്രിയും ശനി, ഞായര്‍ ദിനങ്ങളിലും പുനസംപ്രേഷണം ഉണ്ടാകും. പാഠവുമായി ബന്ധപ്പെട്ട സംശയങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും അതത് സ്‌കൂളുകളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യും. പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ ആദ്യ ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് ക്ലാസ്. തിങ്കളാഴ്ചയിലെ ക്ലാസുകള്‍ അതേ ക്രമത്തില്‍ എട്ടിന് വീണ്ടും സംപ്രേഷണം ചെയ്യും.
ലോകഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കോളേജുകളിലും തിങ്കളാഴ്ച ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങും. രാവിലെ 8.30ന് തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് കേന്ദ്രത്തിലൂടെ ലൈവ് ക്ളാസ് നടത്തി മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചൈയ്യും.