മാനന്തവാടി: ചെത്തുകല്ലുമായി പോയ ലോറിക്കടിയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. മാനന്തവാടി പിലാക്കാവ് കളത്തില്‍ ഖലീല്‍ അഹമ്മദ് (40) ആണ് മരിച്ചത്. കയറ്റത്തില്‍ നിന്നുപോയ ലോറിക്ക് ഊടുകട്ട വയ്ക്കുന്നതിനിടെ ലോറി പിറകോട്ട് നിരങ്ങി അപകടം. ഞായറാഴ്ച വൈകീട്ട് പിലാക്കാവ് ടൗണിനടുത്താണ് സംഭവം. ചെത്തുകല്ല് കയറ്റി പോവുകയായിരുന്ന ലോറി കയറ്റത്തില്‍ വലിമുട്ടി. ഹാന്‍ഡ് ബ്രേക്കിട്ട് നിര്‍ത്തിയശേഷം ടയറിന് ഊടുകട്ട വയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ ലോറി നീങ്ങി ഖലീലിന്റെ ദേഹത്ത് കയറുകയായിരുന്നു. സമീപത്തു നിന്ന ഖദീശ (50) എന്ന സ്ത്രീക്കും പരിക്കു പറ്റിയിട്ടുണ്ട്. ഇരുവരെയും ഉടന്‍ മാനന്തവാടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖലീല്‍ അഹമ്മദ് മരണപ്പെട്ടു. ഭാര്യ: ആമിന. മക്കള്‍: അസീഫ, അര്‍ഷാദ്, റാഷിദ്.