രാപകല്‍ മൂന്നാര്‍ ടൗണ്‍ കൈയടക്കി കാട്ടുകൊമ്പന്മാര്‍

മൂന്നാര്‍: രാപകല്‍ മൂന്നാര്‍ ടൗണ്‍ കൈയടക്കി കാട്ടുകൊമ്പന്മാര്‍. കഴിഞ്ഞ ദിവസം പഴയമൂന്നാറിലെ മൂലക്കടയിലെത്തിയ കാട്ടാനകള്‍ മണിക്കൂറുകളോളം വിളയാട്ടം നടത്തി. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ സന്ധ്യ മയങ്ങുമ്പോള്‍ത്തന്നെ ശാന്തമാകുന്ന ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനകള്‍ തേര്‍വാഴ്ച നടത്തുകയാണ്.

കഴിഞ്ഞ ദിവസം വീടിന്റെ മുറ്റത്തു നട്ടുപിടിപ്പിച്ച വള്ളിച്ചെടികളും പഴവര്‍ഗ വൃക്ഷതൈകളുമെല്ലാം അകത്താക്കിയശേഷം കാട്ടാനകള്‍ സ്ഥലംവിട്ടു. ആനകളെ കാണാന്‍ ആളുകള്‍ കൂട്ടമായി എത്തുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ തിരക്കുകൂട്ടുകയും ചെയ്തതോടെ കൊമ്പന്മാര്‍ അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ദേഷ്യംവന്ന ഒരു കൊമ്പന്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കൊമ്പുകൊണ്ട് ഉയര്‍ത്തിയശേഷം താഴെയിട്ടു.

കൊമ്പന്മാര്‍ മണിക്കൂറുകള്‍ ജനവാസമേഖലയില്‍ ചെലവഴിക്കുമ്പോഴും വനംവകുപ്പ് അധികൃതരും പൊലീസും സംഭവസ്ഥലത്ത് എത്താത്തത് ആളുകള്‍ കൂട്ടംകൂടുന്നതിനു കാരണമാവുകയാണ്. കാട്ടാനകള്‍ എത്തിയതറിഞ്ഞ് വനംവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ഏറെസമയം കഴിഞ്ഞാണ് സ്ഥലത്തെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →