കൊച്ചി: ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നു; സംസ്ഥാനത്ത് സുരക്ഷാനടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി പൊലീസ്. വ്യാഴാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച 28 പേരെ അറസ്റ്റ് ചെയ്തു. ഹോട്ടലിനകത്തും പുറത്തുമായി ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ഇവര്‍. എറണാകുളം ബ്രോഡ്വേയിലുള്ള മൂന്ന് ഹോട്ടലുകളാണ് നിബന്ധനകള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചതായി കണ്ടെത്തിയത്. പരിശോധനയ്ക്ക് കമ്മീഷണര്‍ വിജയ് സാക്കറെ നേരിട്ടെത്തി നേതൃത്വം നല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇറങ്ങി നടന്നവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും അടക്കം 20 പേര്‍ക്കെിരേ കേസ് രജിസ്റ്റര്‍ ചെയ്തു. വരുംദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാവുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
ലോക്ക്ഡൗണ്‍ നിയന്ത്രണ നിയമലംഘനവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയില്‍ 53 കേസുകളിലായി 82 പേരെ അറസ്റ്റ് ചെയ്തു. 13 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 178 പേര്‍ക്കെതിരേ കേസെടുത്തു. ക്വാറന്റൈന്‍ ലംഘനം നടത്തിയ 28 പേര്‍ക്കെതിരേ കേസെടുക്കുകയും 14 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാക്കുകയും ചെയ്തു. രാത്രിസമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനായി ചൊവ്വാഴ്ച രാത്രി ഏഴുമുതല്‍ ഒമ്പതുവരെ നഗരത്തില്‍ കൊച്ചി സിറ്റി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 144 കേസുകളിലായി 157 പേരെ അറസ്റ്റ് ചെയ്തു. 94 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

