ന്യൂഡല്‍ഹി: മിനിയാ പോലീസിലെ നാലു പോലീസ് ആഫീസര്‍മാറുടെ ക്രൂരകൃത്യം അമേരിക്കയില്‍ ജനരോഷം അലയടിപ്പിക്കുകയാണ്. കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയുള്ള ആക്രമണം എന്ന നിലയില്‍ സംഭവം മാറിക്കഴിഞ്ഞിട്ടുണ്ട്. റോഡില്‍വച്ച് കസ്റ്റഡിയിലെടുക്കാന്‍ എന്ന മട്ടില്‍ നാല്‍പ്പത്തിയാറുകാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് ആഫീസര്‍മാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പോലീസ് വണ്ടിയുടെ പിന്നില്‍ ജോര്‍ജിനെ വീഴ്ത്തി ഒരു ആഫീസര്‍ അയാളുടെ മുട്ട് മടക്കി കഴുത്തില്‍ വച്ച് ടാര്‍ റോഡില്‍ ഏറെനേരം അമര്‍ത്തി പിടിച്ച് ശ്വാസം മുട്ടിച്ചാണ് ജോര്‍ജിനെ കൊന്നത്.
ജോര്‍ജ് നിരായുധനായിരുന്നു, യാതൊരു പ്രതിഷേധവുമില്ലാതെ അറസ്‌ററിനു വഴങ്ങി പോലീസിനൊപ്പം പോകുകയായിരുന്നു. റോഡരികില്‍ ഇരിക്കുകയായിരുന്ന ജോര്‍ജിനെ പോലീസ് ചെന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് കൈകള്‍ രണ്ടും പിന്നില്‍ വച്ച് വിലങ്ങണിയിച്ച് കൂട്ടികൊണ്ടു പോകുകയായിരുന്നു. ഇതെല്ലാം സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരു സിസി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ കോപ്പി ജോര്‍ജിന്റെ കുടുംബത്തിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ബെഞ്ചമിന്‍ ക്രംപ് ട്വിറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ബാക്കിയായി മറ്റൊരാള്‍ ചിത്രീകരിച്ച വീഡിയോയില്‍ ജോര്‍ജ് പോലീസ് വണ്ടിയുടെ പിന്‍ചക്രത്തോടു ചേര്‍ന്ന് റോഡില്‍ കമഴ്ന്നു വീണുകിടക്കുന്നതാണ് കാണാനുള്ളത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ മുട്ടമര്‍ത്തി ശ്വാസം മുട്ടിക്കുന്നത് കാണാം. മറ്റു മൂന്നു പേര്‍ സഹായികളായി കാവല്‍ നില്‍ക്കുകയാണ്.
പകല്‍ ആളുകള്‍ കാണ്‍കെ നിയമപാലനം എന്ന പേരില്‍ അരങ്ങേറിയ ക്രൂരത കറുത്ത വര്‍ഗക്കാരുടെ സംഘടനകള്‍ ഏറ്റെടുത്തതോടെ വംശീയമുഖം കൈവരിച്ചിരിക്കുകയാണ്. പോലീസ് ആഫീസറുടെ കാല്‍മുട്ടിന്റെ അടിയില്‍ കഴുത്ത് പെട്ട് ശ്വാസം മുട്ടി പിടയുകയും വെള്ളം ചോദിച്ച് വിലപിക്കുകയും ചെയ്യുന്ന ദൃശ്യം ആരേയും പ്രതിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. കണ്ടു നില്‍ക്കുന്നവര്‍ പോലീസിനോട് ജോര്‍ജിനു വേണ്ടി യാചിക്കുന്നതും കേള്‍ക്കാം. ഒപ്പമുണ്ടായിരുന്ന മറ്റു ആഫീസര്‍മാരും ഇടപെട്ടില്ല. കൊല നടത്തിയ ആഫീസര്‍ക്ക് പിന്തണയുമായി ചുറ്റിലും നില്‍ക്കുകയായിരുന്നു. അവശനിലയിലായ ജോര്‍ജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. മനുഷ്യാവകാശങ്ങളുടെ പേരില്‍ മറ്റു രാജ്യങ്ങളുടെ ഭരണകാര്യത്തില്‍ വരെ ഇടപെടുന്ന അമേരിക്കന്‍ സര്‍ക്കാറിന് സംഭവം വലിയ മാനക്കേടും പ്രഹരവും ആയിത്തീര്‍ന്നിരിക്കുകയാണ്.
“കറുത്ത വര്‍ഗക്കാരുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ഇപ്പോള്‍ കാണുന്നത്. അമേരിക്കയുടെ മണ്ണില്‍ ഞങ്ങളുടെ ആളുകള്‍ക്ക് എന്നും മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചിരുന്നു.” കറുത്ത വര്‍ഗക്കാരുടെ സംഘടനയുടെ മിനിയ പോലീസ് ചാപ്റ്ററിന്റെ പ്രസിഡണ്ടായ ലസ്ലി റെഡ്മണ്ട് പറയുന്നു.