തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. മധ്യതിരുവിതാംകൂര്‍ പിടിക്കണമെങ്കില്‍ കേരളാ കോണ്‍ഗ്രസ് കൂടിയേ കഴിയൂ എന്ന തിരിച്ചറിവ് യുഡിഎഫ് നേതൃത്വത്തില്‍ ശക്തമായി വേരൂന്നിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ്സാണെങ്കില്‍ ജോസ്- ജോസഫ് ദ്വന്ദ്വങ്ങളായി വിഘടിച്ചു നില്‍ക്കുകയാണ്. ഇവരെ അനുനയിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലാണ് യുഡിഎഫ് നേതൃത്വം. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച പി ജെ ജോസഫുമായും ജോസ് കെ മാണിയുമായും ഫോണില്‍ സംഭാഷണം നടത്തി.
ഇരുകൂട്ടരും ഇപ്പോഴത്തെ നിലപാട് തുടരുകയാണെങ്കില്‍ വരാന്‍പോവുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം യുഡിഎഫില്‍ കീറാമുട്ടിയാവും. പാലാ നിയമസഭാ മണ്ഡലത്തില്‍ നടന്നതുപോലെയുള്ള കാലുവാരലും നടന്നേക്കാം. കുഞ്ഞാലിക്കുട്ടി സംസാരിച്ചിട്ട് മഞ്ഞുരുകുന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിതന്നെ കളത്തിലിറങ്ങുമെന്നാണ് യുഡിഎഫ് ഉപശാലകളിലെ സംസാരം. ലീഗ്, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഒന്നിച്ച് രംഗത്തിറങ്ങുന്നതോടെ കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
അപമാനം സഹിച്ച് എല്ലാക്കാലത്തും യുഡിഎഫില്‍ തുടര്‍ന്നോളാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയാണ് കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചത്. യുഡിഎഫില്‍നിന്ന് ചില കക്ഷികള്‍ തങ്ങളോടൊപ്പം വരുമെന്ന സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനകൂടി വന്നതോടെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ അപകടം മണത്തു. അതാണ് ചെന്നിത്തല, മുല്ലപ്പള്ളി തുടങ്ങിയവരെ സൈഡാക്കി പുതിപ്പള്ളിയിലേക്ക് യുഡിഎഫിന്റെ നിയന്ത്രണം തിരികെയെത്തുന്നത്. ഇന്നുതന്നെ കേരളാ കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ഉമ്മന്‍ചാണ്ടി ഇടപെടുമെന്നാണ് അറിയുന്നത്. എടുത്തുചാടി ഒരു തീരുമാനവും എടുക്കരുതെന്ന് ജോസിനോടും ജോസഫിനോടും അദ്ദേഹം അഭ്യര്‍ഥിക്കും.
അതേസമയം ജോസഫും ജോസും യുഡിഎഫില്‍ തുടരുന്നതിനെക്കാള്‍ രണ്ട് മുന്നണിയില്‍ നില്‍ക്കുന്നതാണു നല്ലതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കകത്ത് അഭിപ്രായമുണ്ട്. യുഡിഎഫില്‍ നിന്നാല്‍ പാലായില്‍ കണ്ടതുപോലെ കാലുവാരല്‍ നടക്കുമെന്ന് ഇവര്‍ സംശയിക്കുന്നു. പാര്‍ട്ടിചിഹ്നത്തിലല്ലാതെ യുഡിഎഫ് സ്ഥാനാര്‍ഥി പല മണ്ഡലത്തിലും മത്സരിക്കുന്നത് കാണേണ്ടിവരുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും ഒരുകൂട്ടര്‍ വെടിനിര്‍ത്തലിനു തയ്യാറാവുമെന്നുതന്നെയാണ് കോണ്‍ഗ്‌സ്, ലീഗ് നേതാക്കള്‍ കണക്കുകൂട്ടുന്നത്.

