ആപ്പിനെ ആശ്രയിച്ചവര്‍ ആപ്പിലായെങ്കിലും രാവിലെ മുതല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവിതരണം ആരംഭിച്ചു

തിരുവനന്തപുരം: ആപ്പിനെ ആശ്രയിച്ചവര്‍ ആപ്പിലായെങ്കിലും രാവിലെമുതല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവിതരണം ആരംഭിച്ചു. ബെവ്ക്യു വഴി ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് മദ്യം നല്‍കുന്നത്. വിതരണിനുമുമ്പ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ പരിശോധിക്കുന്നുണ്ട്. ടോക്കണ്‍ പരിശോധനയ്ക്കുവേണ്ടിയുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ലഭിക്കാത്തത് ചിലയിടത്ത് പ്രതിസന്ധി സൃഷ്ടിച്ചു. അത്തരം സ്ഥലങ്ങളില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ ടോക്കണിലെ സമയം പരിശോധിച്ചും ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തിയുമാണ് മദ്യവില്‍പന നടക്കുന്നത്.

വ്യാജ ടോക്കണ്‍ വന്നാല്‍ തിരിച്ചറിയാന്‍ പറ്റുന്നില്ലെന്ന് ബാറുടമകള്‍ പറയുന്നു. ടോക്കണ്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കാത്തിടത്ത് ബില്ല് നല്‍കി മദ്യം നല്‍കുകയാണ്. ബാറുടമകള്‍ക്കും ബിവറേജ് അധികൃതര്‍ക്കുമായി തയ്യാറാക്കിയ ആപ്പ് ഇതുവരെ പൂര്‍ണസജ്ജമായില്ല. ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്കും ക്യൂ ആര്‍കോഡ് സ്‌കാനിങിനും ഉള്‍പ്പെടെയുള്ള ആപ്പാണ് സജ്ജമാകാത്തത്. അതിനാല്‍ ഇവിടങ്ങളില്‍ ബില്ല് നല്‍കി മദ്യവില്‍പന നടത്തുന്നു.

ഇതിനിടെ മദ്യവില്‍പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് ഹാങ്ങാവുകയും ചെയ്തു. ഇതുമൂലം ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ഡൗണ്‍ലോഡ് ചെയ്ത ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലും തടസങ്ങളുണ്ട്.

വ്യാഴാഴ്ച് രാത്രി 11 മണിയോടെയാണ് ആപ്പ് പ്ലേസ്റ്റോറില്‍ എത്തിയത്. ഇതുമൂലം പലര്‍ക്കും ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആവശ്യക്കാര്‍ ഒന്നിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ സെര്‍വര്‍ ഹാങ് ആവാതിരിക്കാനാണ് രാത്രിയില്‍ പ്ലേ സ്റ്റോറില്‍ ഇട്ടതെന്നു പറയുന്നു. ഇന്നത്തേക്കുള്ള ബുക്കിങ് രാവിലെ ആറുമുതല്‍ ഒമ്പതു മണിവരെയാണ് അനുവദിച്ചിരുന്നത്. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 20 കിലോമീറ്റര്‍ അകലെയുള്ള ഔട്ട്‌ലെറ്റുകളിലേക്കാണ് ടോക്കണ്‍ ലഭിച്ചത്. കട്ടപ്പനയിലുള്ള ഒരു ഉപഭോക്താവ് ആപ്പില്‍ ബുക്ക് ചെയ്തപ്പോള്‍ 25 കിലോമീറ്റര്‍ അകലെയുള്ള നെടുങ്കണ്ടത്തെ ബാറിലേക്കാണ് ടോക്കണ്‍ ലഭിച്ചത്.

കൊവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ സാമൂഹിക അകലം പാലിച്ച് മദ്യവില്‍പനയ്ക്കായി പ്രാബല്യത്തില്‍ കൊണ്ടുവന്ന ബെവ്ക്യൂ ആപ്ലിക്കേഷന്‍ ദിവസങ്ങളായി കേരളത്തില്‍ സജീവ ചര്‍ച്ചാവിഷയമാണ്. സിപിഎം അനുഭാവിക്ക് പങ്കാളിത്തമുള്ള സോഫ്റ്റ് വെയര്‍ കമ്പനിക്കാണ് ആപ്ലിക്കേഷന്‍ നിര്‍മാണത്തിന്റെ ചുമതല നല്‍കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഒരുതവണ മദ്യം ബുക്ക് ചെയ്യുമ്പോള്‍ 50 പൈസ സോഫ്റ്റ് വെയര്‍ കമ്പനിക്ക് കിട്ടുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത് എന്നാണ് വേറൊരു ആക്ഷേപം ഉയര്‍ന്നുവന്നത്. എന്തായാലും ആപ്പ് കേരളത്തിലെ മദ്യഉപഭോക്താക്കള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു, വിവാദങ്ങള്‍ എന്തൊക്കെ ഉയര്‍ന്നിട്ടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →