ഏറ്റുമാനൂര്‍: കുട്ടികള്‍ക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങള്‍ കയറ്റിയ ലോറിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍. കോട്ടയം മൂലവട്ടം തെക്കേകുറ്റിക്കാട്ടില്‍ ആനന്ദ് (24), കല്ലറ പുതിയകല്ലുമടയില്‍ അതുല്‍ (29) എന്നിവരാണ് എംസി റോഡില്‍ ഏറ്റുമാനൂര്‍ പാറോലിക്കലിനു സമീപം കഞ്ചാവുമായി പിടിയിലായത്. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളോടൊപ്പമാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. പിടികൂടിയ കഞ്ചാവ് 65 കിലോഗ്രാം ഉണ്ട്.
ബംഗളൂരുവില്‍നിന്നുവന്ന ലോറിയാണു പിടിയിലായത്. ആനന്ദിന്റേതാണ് ലോറി. കോട്ടയം, ഏറ്റുമാനൂര്‍ ഭാഗത്തെ ലഹരിമാഫിയക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘമാണിത്. കോട്ടയം ഇല്ലിക്കല്‍ ഭാഗത്ത് അരുണ്‍ഗോപന്‍ എന്നയാള്‍ക്കു നല്‍കാനുള്ള കഞ്ചാവാണിതെന്ന് പിടിയിലായ പ്രതികള്‍ സമ്മതിച്ചു. തിരുവനന്തപുരം നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സിഐ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാളയാര്‍ മുതല്‍ പിന്തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.
ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. പഴക്കുല കൊണ്ടുപോയ ലോറിയിലാണ് കഞ്ചാവ് ബംഗളൂരുവില്‍വരെ എത്തിച്ചത്. അവിടെനിന്ന് എറണാകുളം ഇടപ്പള്ളിയിലേക്ക് പാഠപുസ്തകങ്ങളുമായി പോകുന്ന ലോറിയില്‍ കയറ്റി ആനന്ദും അതുലും കോട്ടയത്തെത്തിക്കും. പാഠപുസ്തകം എറണാകുളത്ത് ഇറക്കുംമുമ്പ് കഞ്ചാവ് കോട്ടയത്തെത്തിക്കും. ഇതിനുമുമ്പ് 40 കിലോഗ്രാം കഞ്ചാവ് ഇവര്‍തന്നെ കോട്ടയത്ത് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞതവണ മൈസൂരുവഴിയാണ് കഞ്ചാവ് അതിര്‍ത്തികടത്തി കൊണ്ടുവന്നത്. ഇത്തവണ വന്നത് വാളയാര്‍ വഴിയാണ്.