പുതുക്കാട്: വീടുകയറി ആക്രമണം, മൂന്നുപേര്‍ക്കു പരിക്ക്. പാല്‍വിതരണ വണ്ടിക്കുമുന്നില്‍ അശ്രദ്ധമായി ബൈക്ക് ഓടിച്ചുവന്നത് ചോദ്യംചെയ്തതിന് വീട്ടുകാരെ ഗുണ്ടാസംഘം ആക്രമിച്ചു. കളരിക്കല്‍ അമല്‍ കൃഷ്ണ, സഹോദരന്‍ ജല്‍ജിത്, ഇവരുടെ മാതാവ് ഏലമ്മ എന്നിവര്‍ക്കാണു പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലൂര്‍ സ്വദേശി അറയ്ക്കല്‍ സോജനെതിരേ പുതുക്കാട് പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പാല്‍വിതരണക്കാരനായ അമല്‍ കൃഷ്ണ വീടിനു മുന്നിലെത്തിയപ്പോള്‍ പാല്‍വണ്ടിക്ക് മുന്നില്‍ അമിതശബ്ദത്തില്‍ അലക്ഷ്യമായി ബൈക്ക് ഓടിച്ചുവരുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടെ സമീപത്ത് ഉണ്ടായിരുന്ന സോജന്റെ സുഹൃത്തുകളുമെത്തി. വാക്കുതര്‍ക്കമായതോടെ ബഹളംകേട്ട് അമല്‍ കൃഷ്ണയുടെ മാതാവും സഹോദരനുമെത്തി. തര്‍ക്കം നടക്കുന്നതിനിടെ അവിടെനിന്ന് സോജനും സംഘവും പിന്‍വാങ്ങി. എന്നാല്‍, അര്‍ധരാത്രിയില്‍ ഒരു സംഘം ഗുണ്ടകളുമായെത്തി സോജന്‍ വീടുകയറി ആക്രമിക്കുകയായിരുന്നു. വടിവാള്‍കാട്ടി ഭീഷണിപ്പെടുത്തുകയും വടികൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ മൂന്നുപേരും സോജനും ഭാര്യയും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.