തൃശൂര്‍: മുംബൈയില്‍ നിന്നും ബുധനാഴ്ച കേരളത്തിലെത്തിയ 73 വയസുള്ള ചാവക്കാട് സ്വദേശിനി കൊറോണ ബാധിച്ചു മരിച്ചു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. കദീജക്കുട്ടിക്ക് പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.

മുംബൈയില്‍ നിന്ന് ഇന്നലെ (21/05/2020)യാണ് കദീജക്കുട്ടി തൃശൂരില്‍ എത്തിയത്. പാലക്കാട് വഴി പ്രത്യേക വാഹനത്തിലാണ് എത്തിയത്. പനിയും ശ്വാസം മുട്ടലും ഉണ്ടായിരുന്നു. തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും മരണം സംഭവിച്ചു. കൊറോണ ലക്ഷണങ്ങളുണ്ടായതിനാല്‍ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. വ്യാഴാഴ്ചയാണ് ഫലം ലഭിച്ചത്. കൊറോണ സ്ഥിരീകരിച്ചു.
മൂന്ന് മാസം മുന്‍പാണ് കദീജക്കുട്ടി മുംബൈയിലുള്ള മക്കളുടെ അടുത്തേയ്ക്ക് പോയത്. മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് മകനോടൊപ്പം കദീജക്കുട്ടി നാട്ടിലേയ്ക്ക് എത്തിയത്. കദീജക്കുട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തില്‍ പോയി.

