ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ജില്ലകളില്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ജില്ലകള്‍ക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുകയെന്നും സ്വകാര്യ ബസ്സുടമകളുടെ സമ്മര്‍ദത്തിനു വഴങ്ങില്ലെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിരക്കില്‍ 50 ശതമാനം വര്‍ധനയുണ്ടാകും. യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടിവരും. കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ പരമാവധി ഹ്രസ്വദൂര സര്‍വീസ് നടത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയപ്പോള്‍ ജനങ്ങള്‍ സഹകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ രീതിയുമായും ജനങ്ങള്‍ സഹകരിക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് ഉടമകളുടെ പ്രയാസം കണക്കിലെടുത്താണ് മിനിമം ചാര്‍ജ് 12 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഒരു കിലോമീറ്ററിന് ഇപ്പോള്‍ 70 പൈസയാണ് മിനിമം ചാര്‍ജ്. ഇത് ഒരു രൂപ പത്ത് പൈസയായി ഉയര്‍ത്തി. കിലോമീറ്ററിനു നാല്‍പ്പത് പൈസയാണ് വര്‍ധിപ്പിച്ചത്. ചാര്‍ജ് വര്‍ധന തല്‍ക്കാലത്തേക്കു മാത്രമാണ്. കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ബസില്‍ യാത്രചെയ്യുന്നവരുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറച്ചതിനാലാണ് ബസ്ചാര്‍ജ് വര്‍ധിപ്പിക്കേണ്ടിവന്നത്. എന്നാല്‍, ഡീസലിന്റെ നികുതി എടുത്തുകളയുകയും കൂടുതല്‍ ആനുകൂല്യം നല്‍കുകയും ചെയ്താല്‍ മാത്രമേ സര്‍വീസ് നടത്താന്‍ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകള്‍.

Share
അഭിപ്രായം എഴുതാം