ചിന്നകനാല്‍(ഇടുക്കി): ജനവാസ മേഖലയിലെ അങ്കണവാടികളും റേഷന്‍കടകളും ലക്ഷ്യമാക്കി വരുന്ന ഈ കൊമ്പനാന ആളെക്കൊല്ലിയാണ്. ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളിലായി ആറിലധികംപേരെ കൊന്ന ആനയുടെ മറ്റൊരു പ്രിയവിനോദമാണ് അങ്കണവാടികളിലും പലചരക്കു കടകളിലും സൂക്ഷിച്ചിരിക്കുന്ന അരിയും ശര്‍ക്കരയും എടുത്തുതിന്നുന്നത്. കൊച്ചുകൊമ്പന്‍ എന്നാണ് ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളില്‍ ഈ ആന അറിയപ്പെടുന്നത്.
രാത്രികാലങ്ങളില്‍ കാടിറങ്ങി വരുന്ന കൊമ്പന്‍ റേഷന്‍കടകളെ മുഖ്യമായും ലക്ഷ്യംവയ്ക്കുന്നു. റേഷന്‍കടയുടെ ഭിത്തിയോ മേല്‍ക്കൂരയോ തകര്‍ത്ത് അകത്തുള്ള അരിയെടുത്ത് തിന്നും. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയില്‍ എം എം രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള റേഷന്‍കട തകര്‍ത്ത് രണ്ട് ചാക്ക് അരിയെടുത്ത് തിന്നു. വെള്ളിയാഴ്ച രാത്രിയിലും ആന റേഷന്‍കടയ്ക്കരികിലെത്തി. നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ പിന്‍വാങ്ങി തേയിലത്തോട്ടത്തില്‍ ചെന്ന് നിലയുറപ്പിച്ചു. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയതോടെയാണ് കൊമ്പന്‍ കാട്ടിലേക്കു പോയത്.
മുമ്പ് ചിന്നക്കനാല്‍ 80 ഏക്കര്‍ ഭാഗത്ത് സാധാരണ കണ്ടിരുന്ന കൊമ്പന്‍ വലിയ ജലാശയം നീന്തിക്കടന്ന് ആനയിറങ്കല്‍ ഭാഗത്ത് എത്തി സ്ഥിരമായി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റേഷന്‍കടയിലെ അരി, അങ്കണവാടിയില്‍ സൂക്ഷിച്ചിട്ടുള്ള പയര്‍, ശര്‍ക്കര, അമൃതംപൊടി എന്നിവയാണ് ആനയെ ആകര്‍ഷിക്കുന്നത്. ആന ആദ്യം അങ്കണവാടിയാണ് ആക്രമിച്ചത്. അതുപരാജയപ്പെട്ടപ്പോഴാണ് റേഷന്‍കടയിലേക്ക് നീങ്ങിയത്. ഈ ആന വീടുകള്‍ ആക്രമിച്ചും അരി സഞ്ചിയോടെ എടുത്തുകൊണ്ടുപോകാറുണ്ട്.
അരിക്കൊമ്പന്‍, മുറിവാലന്‍ കൊമ്പന്‍, ചക്കക്കൊമ്പന്‍ തുടങ്ങിയ കാട്ടാനകള്‍ മേഖലയില്‍ സൈ്വരവിഹാരം നടത്തുകയാണ്. ഇവയെ ഓടിക്കാനുള്ള നാട്ടുകാരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്.