പ്രതിഷേധത്തിന് കൊറോണ തടസ്സമല്ല; വീട്ടമ്മമാര്‍ സത്യഗ്രഹവുമായി കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുമ്പില്‍

പേരാമ്പ്ര: സ്ത്രീകളുടെ പ്രതിഷേധത്തിന് കൊറോണ തടസ്സമല്ല. വീട്ടമ്മമാര്‍ കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമലയില്‍ കരിങ്കല്‍ ക്വാറിക്ക് വീണ്ടും അനുമതി നല്‍കാനുള്ള നീക്കത്തിനെതിരേയാണ് നാലാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചത്. ചെങ്ങോടുമ്മല്‍ ഗീത, പൂവത്തുംചോലയില്‍ വജില എന്നീ വീട്ടമ്മമാരാണ് ആദ്യദിവസം സത്യഗ്രഹമിരുന്നത്. എല്ലാവരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സമയത്ത് അനധികൃതമായി അനുമതി സംഘടിപ്പിക്കാനാണ് നീക്കമെന്ന് സമരസമിതി പറയുന്നു.

ചെങ്ങോടുമലയില്‍ പഠനം നടത്തിയ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെടെ ഖനനം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ ഖനനനീക്കവുമായി മുന്നോട്ടുപോവുകയാണ്. ഒരു വര്‍ഷം 2,88,800 മെട്രിക് ടണ്‍ പാറ പൊട്ടിക്കുമെന്നാണ് കമ്പനിയുടെ മൈനിങ് പ്ലാന്‍. ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പ്രദേശത്തെ ജലം മുഴുവന്‍ കമ്പനി ഊറ്റിയെടുക്കും. പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരം 24,000 ലിറ്റര്‍ വെള്ളം ഒരു ദിവസം കമ്പനിക്ക് വേണമെന്നാണ് ലഭ്യമായ വിവരം. ഇതോടെ ഈ മേഖല മരുഭൂമിയായി മാറുമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാന ഏകജാലക ബോര്‍ഡ് ക്വാറി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബുധനാഴ്ച ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം