ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍നിന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് വരുംമണിക്കൂറില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ വേഗം 200 കിലോമീറ്റര്‍ വരെ എത്തിയേക്കാം. ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാവുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ചുഴലിക്കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഇന്നുമുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് ഭാഗങ്ങളിലേക്കും പശ്ചിമബംഗാളില്‍ തീരത്തിനപ്പുറത്തേക്കും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കിയ മുന്നറിയിപ്പില്‍ പറയുന്നു. ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യന്‍തീരം തൊടുമെന്നാണ് നിഗമനം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടേക്കാം.
ഒഡീഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ 1110 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറും ഭാഗത്താണ് നിലവില്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം. കൊറോണ വൈറസ് വ്യാപനത്തിന്റെ സമയത്ത് ചുഴലിക്കാറ്റും എത്തുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡീഷയും. ജഗത് സിംഗ്പൂരില്‍ നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കും.