തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയില്‍ വിവിധയിടങ്ങളിലിറങ്ങിയ കടുവ ആക്രമണകാരിയാകുന്ന പക്ഷം വെടിവച്ചു കൊല്ലാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. പത്തുദിവസം മുമ്പ് ജനവാസ മേഖലയിലിറങ്ങിയ കടുവ ഇപ്പോഴും പിടിയിയിലായിട്ടില്ല. കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. വനംവകുപ്പിന്റെ വിദഗ്ധസംഘം മേഖലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. നിലവില്‍ കടുവയെ ജീവനോടെയൊ മയക്കുവെടിവച്ചോ പിടിക്കാന്‍ സാധിക്കാത്തപക്ഷം വെടിവച്ചുകൊല്ലാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇതു സംബന്ധിച്ച ഉത്തരവു നല്‍കിയിട്ടുണ്ട്.
തിരച്ചില്‍സംഘത്തെ കൂടുതല്‍ വിപുലപ്പെടുത്തും. കൂടുതല്‍ വനപാലകരെ സ്ഥലത്തെത്തിക്കും. നിലവില്‍ നാല് ടീമുകളായുള്ള തിരച്ചിലില്‍ ഒരു ടീമിന് നാല് കിലോമീറ്റര്‍ പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. കടുവയെ കണ്ട കോന്നി തണ്ണിത്തോട്ടിലും റാന്നി വടശ്ശേരിക്കര ഭാഗങ്ങളിലും 25 ക്യാമറകള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.

