വടശ്ശേരിക്കര: കടുവ കിടന്നിടത്ത് പൂട പോലുമില്ല, പിടിക്കാന്‍വന്ന കുങ്കിയാന ഇടയുകയും പാപ്പാനെ അടിച്ചുവീഴ്ത്തുകയും ചെയ്തു. നരഭോജി കടുവയ്ക്കുപുറമേ കുങ്കിയെയും പേടിക്കേണ്ട അവസ്ഥയിലായി വടശ്ശേരിക്കര നിവാസികള്‍. അടിയേറ്റ് പാപ്പാന്‍ പറമ്പിക്കുളം എം മുരുകനാണ് പരിക്കേറ്റത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയോടെയാണ് പാപ്പാനെ ആന ആക്രമിച്ചത്. ആനപ്പുറത്തു കയറാന്‍ ശ്രമിക്കുന്നതിനിടെ തുമ്പികൊണ്ട് തട്ടിയിട്ടശേഷം കൊമ്പുകൊണ്ട് കോരിയെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പരിക്ക് സീരിയസല്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. തണ്ണിത്തോട്ടില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ചുകൊലപ്പെടുത്തുകയും നാട്ടില്‍ ഭീതി പരത്തുകയും ചെയ്തതോടെയാണ് വയനാട്ടില്‍നിന്ന് കടുവയെ തിരയാനായി കുങ്കിയാനയെ കോന്നിയിലെത്തിച്ചത്. ആനപ്പുറത്തുചെന്ന് കടുവയെ വെടിവച്ചിടാനായിരുന്നു പദ്ധതി. എന്നാല്‍, എത്തിച്ചപ്പോള്‍ മുതല്‍ മദപ്പാടിന്റെ ലക്ഷണങ്ങള്‍ കാണിച്ചതായും കടുവയെ തിരയാന്‍ കഴിയാതെവന്നതായും പറയപ്പെടുന്നു. പാപ്പാനെ ആക്രമിച്ച ആനയെ സ്‌റ്റേഷന്‍ പരിസരത്തുനിര്‍ത്തി ശരീരം തണുപ്പിച്ചുകൊണ്ടിരിക്കുകയാണ്.