ജനീവ: കൊറോണ വൈറസ് ലോകമാകെ പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഭാരതം ചുവടുവയ്ക്കുന്നു. ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇന്ത്യ നായകത്വം ഏറ്റെടുക്കുക. വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18-19 തിയ്യതികളിലായിരിക്കും യോഗം. മെയ് 22ന് നടക്കുന്ന 35 എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗ യോഗത്തിലാണ് ഇന്ത്യ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍പേര്‍സണ്‍ സ്ഥാനത്തേക്കാണ് ജപ്പാനു പകരം ഇന്ത്യന്‍ പ്രതിനിധി എത്തുന്നത്.
ലോകാരോഗ്യ സംഘടന കൊറോണ രോഗത്തെപ്പറ്റിയുള്ള മുന്നറിയിപ്പ് നല്കുന്നതില് പരാജയപ്പെട്ടെന്ന അമേരിക്കയുടെ ആരോപണം ഈ സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. അതേസമയം, യുഎന്‍ രക്ഷാസമിതിയുടെ കൊറോണ പ്രമേയത്തില്‍ ലോകാരോഗ്യ സംഘടനയുടെ പേരുപോലും പരാമര്‍ശിക്കാന്‍ പാടില്ലെന്ന കടുത്ത നിലപാടിലാണ് അമേരിക്ക. ചൈന ഇതിനെതിരേ രംഗത്തെത്തിയതോടെ ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനും കൊറോണ പ്രതിരോധത്തിനും തയാറാക്കിയ പ്രമേയം എങ്ങുമെത്താതെ അവശേഷിക്കുകയാണ്.
ചൈനയുടെ എതിര്‍പ്പ് അമേരിക്ക തള്ളിയതോടെ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ ആറ് ആഴ്ച സമയമെടുത്ത് തയാറാക്കിയ പ്രമേയം കഴിഞ്ഞ വെള്ളിയാഴ്ചയും വോട്ടിനിടാനായില്ല. ലോകരോഗ്യ സംഘടനയ്ക്ക് ഫണ്ട് നല്‍കില്ലെന്ന് കഴിഞ്ഞമാസം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ചൈനക്കെതിരേ ഒന്നിച്ചുനീങ്ങണമെന്ന് ഇന്ത്യയോട് അമേരിക്ക അഭ്യര്‍ഥിച്ചിട്ടുണ്ട്. യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ചര്‍ച്ചകള്‍ വഴിതെറ്റി ചൈന- അമേരിക്ക കലഹത്തിലേക്ക് ശ്രദ്ധ മാറിയെന്ന് യുഎന്‍ രക്ഷാസമിതിയിലെ മറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു.