മാവോവാദികൾ തട്ടികൊണ്ടുപോയ പോലീസുകാരനെ ഭാര്യ സങ്കേതത്തിൽചെന്ന് മോചിപ്പിച്ചു

ബിജാപുര്‍:മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനായ ഭര്‍ത്താവിനെ കണ്ടെത്താന്‍ ഭാര്യ കൊടുങ്കാട്ടിലൂടെ യാത്ര ചെയ്തത് നാലുദിവസം. ഛത്തീസ്ഗഡിലെ സുനിത കറ്റമെന്ന യുവതിയാണ് ഭര്‍ത്താവ് സന്തോഷിന്റെ ജീവനുവേണ്ടി ഇത്തരമൊരു സാഹസത്തിനൊരുങ്ങിയത്. മെയ് ആദ്യ ആഴ്ചയിലാണ് ബിജാപുരിലെ ഭോപാല്‍ പറ്റ്‌നം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്തോഷിനെ ഗൊറോണ ഗ്രാമത്തില്‍വച്ച് മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്.

മെയ് നാലിന് വൈകീട്ട് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് സന്തോഷ് മാവോവാദികളുടെ പിടിയിലായത്. ജോലിസംബന്ധമായ ആവശ്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ചിലപ്പോഴൊക്കെ സന്തോഷ് ദിവസങ്ങളോളം വീട്ടില്‍ വരാറുണ്ടായിരുന്നില്ല.ഇതുമൂലം സുനിത ആദ്യം അതത്ര കാര്യമാക്കിയില്ല. മാവോവാദികളാണ് ഇതിനുപിന്നിലെന്ന് മനസിലായതോടെ സുനിത പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ആ ഭാഗങ്ങളിലുള്ള തന്റെ ബന്ധുക്കളുമായും സുനിത് ബന്ധപ്പെട്ടു. പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല ഭര്‍ത്താവിനെ രക്ഷിച്ചെടുക്കാന്‍ എന്ത് സാഹസത്തിനും താന്‍ തയ്യാറായിരുന്നുവെന്ന് സുനിത പറഞ്ഞു.

ജഗര്‍ഗുണ്ടയെന്ന മാവോവാദികളുടെ താവളം സുനിതയ്ക്ക് അപരിചിതമായിരുന്നില്ല. മെയ് ആറിനുതന്നെ സുനിത തന്റെ 14 വയസ്സുള്ള മകളെയും കൂട്ടി ഭര്‍ത്താവിനെ കണ്ടെത്താനായി കാടുകയറാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞ ചില പ്രാദേശിക മാധ്യമപ്രവര്‍ത്തകരും ഏതാനും നാട്ടുകാരും അവരെ അനുഗമിച്ചു. ചെറിയ രണ്ട് കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് സുനിത മൂത്തമകളെയും കൂട്ടി വീടുവിട്ടിറങ്ങിയത്. ബൈക്കിലും കാല്‍നടയായും കാട്ടിലൂടെ സഞ്ചരിച്ച് മെയ് 10ന് അവര്‍ മാവോവാദികള്‍ക്കരികിലെത്തി. അവരുമായി നടത്തിയ സുനിതയുടെ സംഭാഷണം ഫലംകണ്ടു. പിറ്റേന്നുതന്നെ മാവോവാദികള്‍ ജന്‍- അദാലത്ത് നടത്തി സന്തോഷിനെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു.

അങ്ങനെ ആറുദിവസത്തിന് ശേഷം സുനിത തന്റെ ഭര്‍ത്താവിനെ കണ്ടു. എന്നാല്‍, പോലീസില്‍ ഇനിയും തുടര്‍ന്നാല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന താക്കീതും നല്‍കിയാണ് മാവോവാദികള്‍ സന്തോഷിനെ വിട്ടയക്കാന്‍ തയ്യാറായത്. ഭര്‍ത്താവിനെ രക്ഷിക്കുന്നതിന് ഒരു സ്ത്രീ ഏതറ്റംവരെയും പോകുമെന്നായിരുന്നു മാവോവാദികളെ തേടിയുള്ള കാടുകയറിയ യാത്രയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ സുനിതയുടെ പ്രതികരണം. മെയ് 11ന് ബിജാപുരില്‍ തിരിച്ചെത്തിച്ച സന്തോഷിന് മെഡിക്കല്‍ പരിശോധനകള്‍ നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →