ലോക്ക്ഡൗൺ ലംഘിച്ച് ജനം സന്യാസിക്ക് സ്വീകരണമൊരുക്കി

ഭോപ്പാല്‍: കൊറോണ മരണം വിതയ്ക്കുന്ന മധ്യപ്രദേശില്‍ സന്ന്യാസിക്കു സ്വീകരണമൊരുക്കി നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെ ജൈന സന്ന്യാസിക്ക് സ്വീകരണമൊരുക്കാന്‍ മധ്യപ്രദേശില്‍ ഒത്തുകൂടിയത് നൂറുകണക്കിനാളുകളായിരുന്നു. മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സന്ന്യാസി മുനി പ്രണാംസാഗറിനെയും പരിവാരങ്ങളെയും സ്വീകരിക്കാനായി ആയിരക്കണക്കിനാളുകള്‍ ബന്ദയില്‍ കഴിഞ്ഞദിവസം ഒത്തുകൂടിയ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയാണ് പുറത്തുവിട്ടത്. മുഖാവരണം പോലും ധരിക്കാതെയാണ് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയത്.

ജില്ല ആസ്ഥാനത്തുനിന്ന് 35 കിലോമീറ്റര്‍ അകലെയാണ് ബാന്ദ പട്ടണം. സന്ന്യാസിയും അനുയായികളും പട്ടണത്തിലെത്തിയപ്പോള്‍ ആളുകള്‍ ലോക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി റോഡിലേക്കിറങ്ങി. സംഭവത്തില്‍ അന്വേഷണം നടത്തി സാമൂഹിക അകലം പാലിക്കാത്തതിനും കൂട്ടംകൂടിയതിനും സംഘാടകര്‍ക്കെതിരേ കേസെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി സാഗര്‍ അഡീഷനല്‍ പൊലീസ് സുപ്രണ്ട് പ്രവീണ്‍ ഭൂരിയ പറഞ്ഞു. കണ്ടാല്‍ അറിയുന്ന 500 ആളുകള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ബാന്ദ പൊലീസ് അധികൃതര്‍ അറിയിച്ചു.

സാഗര്‍ ജില്ലയില്‍ ഇതുവരെ 10 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ തേടിയിരുന്നു. ഇനി അത്രയുപേരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ചികിത്സ അടക്കം സഹായങ്ങള്‍ നല്‍കുകയും വേണം.

Share
അഭിപ്രായം എഴുതാം