ഡല്‍ഹി: രാജ്യത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ 14 ഇതരസംസ്ഥാന അതിഥി തൊഴിലാളികള്‍ മരിച്ചു. മധ്യപ്രദേശിലെ ഗുണയിലും യുപിയിലെ മുസഫര്‍നഗറിലുമാണ് അപകടങ്ങളുണ്ടായത്. മധ്യപ്രദേശില്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ ട്രക്കില്‍ ബസിടിച്ച് എട്ടുപേരാണ് മരിച്ചത്. മുസഫര്‍നഗറില്‍ അതിഥി തൊഴിലാളികളുടെ മേല്‍ ബസ് പാഞ്ഞുകയറി ആറുപേരും മരിച്ചു.
ബിഹാറിലേക്ക് കാല്‍നടയായി യാത്രചെയ്യുന്നതിനിടെയാണ് ഇവരുടെ മേല്‍ ബസ് പാഞ്ഞുകയറിയത്. ലോക്ഡൗണില്‍ തൊഴിലും കൂലിയും മുടങ്ങിയതിനെ തുടര്‍ന്ന് പഞ്ചാബില്‍നിന്ന് സ്വദേശമായ ബിഹാറിലേക്കുള്ള യാത്രയിലായിരുന്നു തൊഴിലാളികള്‍. ബസില്‍ യാത്രികര്‍ ആരുമുണ്ടായിരുന്നില്ലെന്നും അപകടം നടന്നപ്പോള്‍തന്നെ ഡ്രൈവര്‍ കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു. മരിച്ച തൊഴിലാളികള്‍ ആരൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
ലോക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കെത്താനുള്ള നെട്ടോട്ടത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഏറിവരുകയാണ്. മേയ് 8നാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 14 തൊഴിലാളികളുടെ മേല്‍ തീവണ്ടി പാഞ്ഞുകയറി ചതഞ്ഞരഞ്ഞു മരിച്ചത്. മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.