വയനാട്ടില്‍ സ്ഥിതി ഗുരുതരം: 50ഓളം പൊലീസുകാരും കുടുംബാംഗങ്ങളും ക്വാറന്റീനില്‍

മാനന്തവാടി: കൊവിഡ് രോഗബാധ ഭീഷണി മൂലം മറ്റ് സംസ്ഥാനത്തുനിന്ന് മലയാളികള്‍ കടന്നുവരുന്ന പ്രധാന ചെക്ക്‌പോസ്റ്റ് ജില്ലയിലായതിനാല്‍ വയനാട്ടില്‍ സ്ഥിതി സങ്കീര്‍ണമാവുകയാണ്. ഇവിടെ ജില്ലാ പൊലീസ് മേധാവിയടക്കം നിരീക്ഷണത്തിലാണ്. ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ, മാനന്തവാടി ഡിവൈഎസ്പി ചന്ദ്രന്‍, മാനന്തവാടി സ്റ്റേഷനിലെ 50 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് ക്വാറന്റൈനില്‍ പോയിട്ടുള്ളത്. പൊലീസ് സ്റ്റേഷന്‍ അണുമുക്തമാക്കല്‍ നടപടി നടന്നുവരുന്നുവെന്ന് കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു. അഗ്നിശമനസേനയ്ക്കാണ് ഇതിന്റെ ചുമതല. തുടര്‍ന്ന് സ്റ്റേഷന്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും പൊതുജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടാവില്ലെന്നും കലക്ടര്‍ അറിയിച്ചു.

പിപിഇ കിറ്റ് ധരിച്ച രണ്ട് പൊലീസുകാരും ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമാണ് ഇപ്പോള്‍ സ്റ്റേഷനിലുള്ളത്. സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയടക്കം ക്വാറന്റൈനിലേക്കു മാറേണ്ടിവന്നത്. മാനന്തവാടി പൊലീസ് സ്റ്റേഷന്‍ കോംപൗണ്ടില്‍ സിഐ, എസ്എംഎസ് യൂണിറ്റ് തുടങ്ങി ആറോളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയിലല്ലാംകൂടി 100ലധികം പേരാണ് ഡ്യൂട്ടി ചെയ്യുന്നത്. ജില്ലയില്‍ ഡ്യൂട്ടി ചെയ്ത 50 പൊലീസുകാരാണ് ക്വാറന്റീനിലേക്കു മാറിയത്. ഡിവൈഎസ്പിയുടെ അടക്കം സാംപിള്‍ഫലം ഇന്ന് വരുമെന്നു കരുതുന്നു. അഡീഷണല്‍ എസ്പിക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. പരാതികള്‍ ഇ- മെയില്‍ വഴി നല്‍കാം. നിരീക്ഷണത്തിലുള്ള പൊലീസുകാരുടെ കുടുംബങ്ങളോടും ഇവരോട് നേരിട്ട് ഇടപഴകിയവരോടും ക്വാറന്റൈനില്‍ പോകാന്‍ ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസറും ആവശ്യപ്പെട്ടു. വയനാട് ജില്ലയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

കോയമ്പേട് മാര്‍ക്കറ്റില്‍ പോയിവന്ന ട്രക്ക് ഡ്രൈവറില്‍നിന്ന് രോഗം ബാധിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. കൂടാതെ പുതുതായി ഒരു പൊലീസുകാരനുകൂടി രോഗലക്ഷണം ഉണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഒരു കളവുകേസിലെ പ്രതിയെ തിരിച്ചറിയാനായി ഈ പൊലീസുകാരന്‍ മോഷ്ടാവിന്റെ ഫോട്ടോയുമായി നിരവധി വീടുകളില്‍ കയറിയിറങ്ങിയിരുന്നു. ഈ വീടുകളുടെ പട്ടികയും ഉടന്‍ തയ്യാറാക്കും. സമ്പര്‍ക്ക പട്ടിക ഇന്ന് ഉച്ചയോടെ പൂര്‍ണമാവുമെന്ന് കലക്ടര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →