ന്യൂഡല്‍ഹി: നായകളില്‍ ബുദ്ധി കൂടിയ ഇനമാണ് മെലിനോയിസ്. കളിക്കാന്‍ കൂട്ടുകാരി ഇല്ലാതായി പോയ കൊച്ചു പെണ്‍കുട്ടിക്കൊപ്പം ഒളിച്ചുകളി നടത്തുന്ന നായയുടെ പ്രകടനം മനസ്സ് പിടിച്ചെടുക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടിയും അവളുടെ ചങ്ങാതിയായ മങ്കി എന്ന ബെല്‍ജിയന്‍ മെലിനോയിസും കൂടി ഒളിച്ചു കളിക്കുന്ന വീഡിയോ ഒമര്‍ വോണ്‍ മുള്ളര്‍ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പോസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടു ചിരിച്ചതും മെലിനോയിസ് നായയുടെ ഇഷ്ടക്കാരായി മാറിയതും. കൂട്ടു കൂടുകയാണെങ്കില്‍ മെലിനോയിസ് നായയുമായി വേണം എന്നാണ് പലരുടെയും ഇപ്പോഴത്തെ സ്വപ്നം.
ഒളിച്ചു കളി തുടങ്ങുന്നതിനുമുമ്പ് പെണ്‍കുട്ടി കാര്യം നായയോട് പറഞ്ഞു. ഒറ്റവാക്കില്‍ നൽകുന്ന കമാന്‍ഡുകള്‍ മാത്രമേ നായകള്‍ക്ക് മനസ്സിലാവുകയുള്ളൂ എന്ന ധാരണ വീഡിയോ കണ്ടാല്‍ തിരുത്തും. സാധാരണപോലെ പെണ്‍കുട്ടി വര്‍ത്തമാനം പറയുകയാണ്. ‘നീ പോയി കണ്ണുപൊത്തി നിന്നോ,ഞാന്‍ എണ്ണാന്‍ പോവുകയാണ്.’ മറ്റൊരു കൊച്ചുകുട്ടിയെപ്പോലെ പോലെ നായ ഭിത്തിക്കെതിരെ രണ്ടുകൈകൊണ്ടും മുഖം പൊത്തി നിവര്‍ന്നു നിന്നു. ഒളിച്ചു കളിയില്‍ സാധാരണ ഉള്ള കള്ളക്കളിയും പുറത്തെടുത്തു. എണ്ണി തീരുന്നതിനു മുമ്പ് ഒന്ന് ഒളിഞ്ഞു നോക്കി. എതിരാളി എവിടെയാണ് ഒളിക്കാന്‍ പോകുന്നത് എന്ന് മനസ്സിലാക്കാനുള്ള തന്ത്രം. പെണ്‍കുട്ടി അത് കയ്യോടെ പിടികൂടി. ‘ഫൗള്‍ കാണിക്കരുത്’ എന്ന് താക്കീത്. കളി ആദ്യം തൊട്ടേ വീണ്ടും ആരംഭിച്ചു. മണംപിടിക്കുന്നതില് അത് സമര്‍ത്ഥനായ മെലിനോയിസ് കളിക്കൂട്ടുകാരിയെ മുറിക്കുള്ളില്‍ നിന്ന് കൈയോടെ പൊക്കി.
ബെല്‍ജിയന്‍ മെലിനോയിസിന് സാധാരണ വീടുകളില്‍ അടഞ്ഞു ജീവിക്കുന്ന പ്രകൃതമല്ല ഉള്ളത്. നല്ല ചുറുചുറുക്കും കായികപ്രേമിയും കൂട്ടമായി ജീവിക്കാന്‍ താത്പര്യപ്പെടുന്നതുമായ ഒരിനമാണ്. നല്ലൊരു കാവല്നായയാണിത്. ആപല്‍ഘട്ടങ്ങളില്‍ യജമാനനെ രക്ഷിക്കാന്‍ മുമ്പിലുണ്ടാകും. കുട്ടികളുടെ അടുത്ത് വളരെ വേഗം അടുക്കും. വീടുകളിലെ കാവല്‍ക്കാരനായും പോലീസിലും സേനയിലുമാണ് ഈ ഇനത്തിനെ വളര്‍ത്തുന്നത്. രോമം കുറവുള്ള ജര്‍മന്‍ ഷെപ്പേര്‍ഡിനെ പോലിരിക്കും കാഴ്ചയില്‍ ബെല്‍ജിയന്‍ മെലിനോയിസ്. പരിശീലിപ്പിക്കാന്‍ എളുപ്പമാണ്.
അമേരിക്കയില്‍ ബിന്‍ ലാദനെ പിടിക്കാനുണ്ടായ 80 അംഗസംഘത്തില്‍ ബെല്‍ജിയന്‍ മെലിനോയിസ് എന്ന ഇനം നായയാണുണ്ടായിരുന്നത്. വളരെ പഴയ കാലം മുതല്‍ തന്നെ യുദ്ധത്തിനായി ഈ ഇനം നായയെ വളര്‍ത്തി വരുന്നു.

കേരള പോലീസിലെ എ ഡി ജി പി ടോമിന് തച്ചങ്കരി ആയിനം നായയെ കേരളപോലീയിലേക്കായി വാങ്ങുകയുണ്ടായി. പഞ്ചാബ് കെന്നല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഇതിനെ വാങ്ങിയത്.

സ്പെഷ്ല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍സ് എന്നീ ഒന്നാം ശ്രേണിയിലുള്ള ഏജന്‍സികള്‍ ഇത്തരം ഇനം നായയുടെ സേവനം ലഭ്യമാക്കാറുണ്ട്.

