സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യത്തെ പറക്കല്‍ കൊച്ചിയിലെ രോഗിക്ക് ഹൃദയവുമായി

കൊച്ചി: കേരളഗവണ്‍മെന്റ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യത്തെ യാത്ര ദൗത്യം ഹൃദയം എത്തിക്കല്‍. തിരുവനന്തപുരത്ത് നിന്നും ഹൃദയമെത്തിച്ചത് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക്.

ഇന്ന് (09-05-2020) രാവിലെ ഏഴ് മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയായ ലിസിയിലേക്കാണ് ഡോ. ജോസ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം കിംസിലേക്ക് പോയത്. മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായി കിംസില്‍ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് യാത്രയായി. നാല് മണിക്ക് ഹെലികോപ്റ്റര്‍ കൊച്ചിയിലെ ഹയാത്ത് ഹോട്ടലിന്റെ ഹെലിപാഡില്‍ എത്തിച്ചേര്‍ന്നു. ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ആണ് മസ്തിഷ്‌കമരണത്തിന് കീഴടങ്ങിയത്.

വച്ചു പിടിപ്പിക്കാനുള്ള ഹൃദയവുമായി ഡോക്ടര്‍ ആശുപത്രിയിലേക്ക്‌

ഇന്നലെ (08-05-2020) സാധാരണ നടത്താറുള്ള ചെക്കപ്പനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴാണ് ഹൃദയം ലഭിക്കുമെന്ന വാര്‍ത്ത അറിഞ്ഞത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാകുന്ന കോതമംഗലം സ്വദേശിനിയുടെ മകന്‍ ബേസില്‍ പറഞ്ഞു. മൃതസജ്ജീവനി പദ്ധതിവഴിയാണ് ചികിത്സ.

Read more : കോവിഡ് ചെലവ് ചുരുക്കലിനിടെ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ 1.5 കോടി രൂപ കൈമാറി

ലോക്ക്ഡൗണ്‍ കാലത്ത് മൃതസഞ്ജീവിനി ടീം നടത്തുന്ന അഞ്ചാമത്തെ അവയവദാന പ്രക്രിയയാണ് ഇത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ യാത്ര കൂടിയായിരുന്നു ഇത്. തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടം, ആരോഗ്യം, പോലീസ്, ട്രാഫിക് തുടങ്ങിയ പല സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടു കൂടിയാണ് അവയവദാനം നടന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോക്ടര്‍ തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അജയകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ എന്നിവരാണ് അവയവദാന പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ഈ 5 അവയവദാന ങ്ങളിലൂടെ 25 പേര്‍ക്കാണ് പുതുജീവിതം നല്‍കിയത്.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും കൈമാറിയത്. കോവിഡ് 19 പ്രതിസന്ധിമൂലമുള്ള ചെലവ് ചുരുക്കലിനിടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് ഏറെ വിവാദമായിരുന്നു. 1.5 കോടി രൂപ കൈമാറി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത് അമിത ധൂര്‍ത്താണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ലാലി ഗോപകുമാറില്‍ നിന്ന് അഞ്ചു പേര്‍ ജീവന്‍ കടം കൊള്ളുന്നു.

അന്യൂറിസം ബാധിച്ച മസ്തിഷ്‌ക മരണം അടഞ്ഞ ലാലി ഗോപകുമാറിന്റെ ഹൃദയം, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കോര്‍ണിയ ഗവണ്‍മെന്റ് ആശുപത്രിക്കുമാണ് നല്‍കിയത്. പൗണ്ട് കടവ് ഗവണ്‍മെന്റ് എച്ച് ഡബ്ലിയു എല്‍ പി എസ് സ്‌കൂളിലെ അധ്യാപികയാണ് ലാലി ഗോപകുമാര്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മെയ് എട്ടാം തീയതി സംഭവിച്ച മസ്തിഷ്‌കമരണം 2 അപ്നിയ ടെസ്റ്റ് നടത്തിയാണ് സ്ഥിരീകരിച്ചത്.

“അമ്മയ്ക്ക് ഇങ്ങനെ സംഭവിച്ച സമയത്ത് ഞങ്ങള്‍ കുറെ വിഷമിച്ചിരുന്നു. അമ്മ എപ്പോഴും എല്ലാവരെയും സഹായിച്ചിട്ടേ ഉള്ളൂ. ഞങ്ങളെ പോലെ കരയുന്നവരും കാണുമല്ലോ അവര്‍ക്ക് ഒരു സഹായമായാണ് അവയവദാനത്തിന് തയ്യാറായത്.” എന്ന് മകള്‍ ദേവിക ഗോപകുമാര്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലാലി ഗോപകുമാറിനെ മകന്‍ ദേവിക ഗോപകുമാറിനെ ഫോണില്‍ വിളിച്ച് സാന്ത്വനിപ്പിച്ചു. മൂന്നു മക്കള്‍ ഗോപിക ഗോപകുമാര്‍ ഗള്‍ഫില്‍ നഴ്സാണ്. ദേവിക ഗോപകുമാര്‍ ബി.എച്ച്.എം.എസ്. വിദ്യര്‍ത്ഥി. ഗോപീഷ് ബി.ടെക് വിദ്യാര്‍ത്ഥി. മരുമകന്‍ ശരത് ബാബു .

Share
അഭിപ്രായം എഴുതാം