തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച വിദേശത്ത് നാലു മലയാളികള്‍ മരിച്ചു. ഇലന്തൂര്‍ ഇടപ്പരിയാരം ഇടപ്പുരയില്‍ പ്രകാശ് കൃഷ്ണന്‍(56), തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ(62), മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന(62) പാമ്പാടി സ്വദേശിയായ അദ്വൈത്(8) എന്നിവരാണ് മരിച്ചത്.
അബൂദാബിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു മുസ്തഫ. കോവിഡ് ബാധിച്ചതിനാല്‍ ഏതാനും ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുകയായിരുന്നു. റംലയാണ് ഭാര്യ. അനീഷ, റസീസ് എന്നിവരാണ് മക്കള്‍. ഷംസുദ്ദീന്‍, ബഷീര്‍, സുഹറ, സഫിയ, പരേതനായ അബ്ദു സലാം എന്നിവര്‍ സഹോദരങ്ങളാണ്.
യുകെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നഴ്‌സായ ഫിലോമിന കോവിഡ് ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്നു. കുടുംബസമേതം 20 വര്‍ഷമായി യുകെയിലാണ് താമസം. കടുത്തുരുത്തി പൂഴിക്കോല്‍ മുക്കാംപുറം കുടുംബംഗമാണ്. മക്കള്‍: ജിമ്മി, ജെസ്‌വി, ജെറിന്‍. മരുമകള്‍: അനു ജിമ്മി(യുഎസ്).
അബൂദാബി മുസഫയില്‍ എന്‍പിസിസിയില്‍ ഫാബ്രിക്കേഷന്‍ സൂപ്രണ്ടായിരുന്നു പ്രകാശ് കൃഷ്ണന്‍. മൂന്നുദിവസംമുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 30ന് മരിച്ചു. മൃതദേഹം ഇന്നുവൈകീട്ട് അബൂദബിയില്‍ സംസ്‌കരിക്കും. അമ്പിളിയാണ് ഭാര്യ. ആകാശ്, അശ്വതി എന്നിവര്‍ മക്കള്‍. അനുരാജ് മരുമകനാണ്.
കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ സുനീഷ് സുകുമാരന്‍-ദീപ ദമ്പ തികളുടെ മകന്‍ അദ്വൈതാണ് മരിച്ചത്. എട്ട് വയസ് ആയിരുന്നു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്തുവരുന്ന ദീപയ്ക്കും സുനീഷിനും ജോലിക്കിടയില്‍ കൊവിഡ് രോഗബാധ ഉണ്ടായിരുന്നു. വിദഗ്ധ ചികിത്സയെത്തുടര്‍ന്ന് ഇവരുടെ രോഗം ഭേദമായി. ഇവരില്‍നിന്നാവാം കുട്ടിക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം. രോഗം ഗുരുതരമായപ്പോള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പെച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്വൈത് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.