തൃശൂര്‍: ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പൂരം ഇത്തവണ അഞ്ചു പേര്‍ മാത്രം ചേര്‍ന്ന് നടത്തും. ഒരു ആനയും അഞ്ചു പേരും ചേര്‍ന്ന് പൂരം നടത്താന്‍ അനുവദിക്കണമെന്ന അപേക്ഷയില്‍ ആനയെ കളക്ടര്‍ ഒഴിവാക്കി. അതോടെ അഞ്ചാളുകളുടെ പൂരമായി മാറി.
തൃശൂര്‍ പൂരം ചടങ്ങുകളില്‍ ഒരു ആനയെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം ജില്ലാ കലക്ടര്‍ നിരസിച്ചു. ഒരാനയെ ഉപയോഗിച്ച് പൂരം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തും തനിക്കു ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചാലും അനുമതി നല്‍കാനാവില്ലെന്നും കലക്ടര്‍ പറഞ്ഞു. അഞ്ചുപേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ അനുവദിക്കണമെന്ന് പാറമേക്കാവ് ആവശ്യപ്പെട്ടത്. പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിച്ച് എഴുന്നള്ളിപ്പ് നടത്താം. കോവിഡ്മുക്തമായ ജില്ലയെന്ന പരിഗണന വേണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. അഞ്ചുപേരെ മാത്രം പങ്കെടുപ്പിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ക്ഷേത്രത്തില്‍ കൊടിയേറ്റ് നടത്താന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ ആവശ്യവുമായി പാറമേക്കാവ് ദേവസ്വം കലക്ടറെ സമീപിച്ചത്. തിരുവമ്പാടി വിഭാഗം ഇതേവരെ ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ചിട്ടില്ല. ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്നാണ് ആശങ്കയെന്നും കലക്ടര്‍ പറഞ്ഞു.

