മുംബൈ: മുതിര്‍ന്ന ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു.
ശ്വാസതടസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ മകനാണ്. നീതു കപൂറാണ് ഭാര്യ.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന റിഷി കപൂര്‍ ഏപ്രില്‍ 2 മുതല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. ദീപിക പദുക്കോണിനൊപ്പം ഹോളിവുഡ് ചിത്രമായ “ദി ഇന്റേണ്‍” ന്റെ റീമേക്കാണ് താരം തന്റെ അടുത്ത പ്രോജക്റ്റായി പ്രഖ്യാപിച്ചത്.
1970 ൽ പുറത്തിറങ്ങിയ മേരനാം ജോക്കറിലൂടെയാണ് ഋഷി കപൂർ അഭിനയ രംഗത്ത് ചുവട് ഉറപ്പിക്കുന്നത്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. പിന്നാലെ 100 ലധികം ചിത്രങ്ങളിൽ ഋഷി അഭിനയിച്ചു.

