പത്തനംതിട്ട: കൊടുമണ്ണില്‍ സുഹൃത്തുകൾ ചേർന്ന് പത്താംക്ലാസ് വിദ്യാര്‍ഥിയെ കൊലപെടുത്തിയത് അന്വേഷിക്കാൻ പുതിയ സംഘം. അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദിനാണ് ചുമതല. ഏനാത്ത് സിഐ. ജയകുമാര്‍, കൂടല്‍ എസ്‌ഐ. എസ്.ആര്‍.സേതുനാഥ്, കോന്നി എസ്‌ഐ വി.എസ്.കിരണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കൊടുമണ്‍ എസ്‌എച്ച്‌ഒ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊല്ലം ജുവനൈല്‍ ഹോമില്‍ എത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ രക്തസാമ്പിളും വിരലടയാളവും ശേഖരിച്ചു. കസ്റ്റഡിയില്‍ എടുത്ത സമയത്ത് പ്രതികള്‍ നല്‍കിയ മൊഴികളിലെ വൈരുധ്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍, ഷൂസ് ഇവയുടെ കൈ മാറ്റവുമായ ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലക്ക് പ്രധാന കാരണമായതായി പ്രതികള്‍ പറയുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള കളിയാക്കൽ വൈരാഗ്യം വർധിക്കാൻ ഇടയാക്കി. തുടര്‍ന്ന് പ്രതികള്‍ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു വെന്നാണ് സൂചന. കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഏറെ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ കൊടുമണ്‍ എസ്‌എച്ച്‌ഒ ശ്രീകുമാറിനെ മാറ്റി നിര്‍ത്തിയാണ് പുതിയ ടീമിന് ജില്ലാ പോലീസ് ചീഫ് കഴിഞ്ഞ ദിവസം രൂപം നല്‍കിയത്. പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ലഭിക്കാനായി രണ്ട് തവണ നല്‍കിയ അപേക്ഷയും കോടതി തള്ളിയത് പോലീസിന് തിരിച്ചടിയായി. ജുവനൈല്‍ സ്പെഷല്‍ ഓഫീസര്‍ ആയി കൊടുമണ്‍ ഇന്‍സ്പെക്ടറെ എസ്പി നിയമിച്ചതോടെ നടപടി ക്രമത്തിന് സാധൂകരണം വന്നു. എന്നാല്‍, രണ്ടാമത് നല്‍കിയ കസ്റ്റഡി അപേക്ഷയും കോടതി തള്ളി. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധമായ കല്ല് കണ്ടെത്താന്‍ വേണ്ടി പ്രതികളെ കസ്റ്റഡിയില്‍ വിടണം എന്നായിരുന്നു അപേക്ഷയില്‍ പറഞ്ഞിരുന്നത്. പ്രതികളെ പാർപ്പിച്ചിരുന്ന ജുവനൈൽ ഹോമിലെത്തി ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചത്.
സംഭവസ്ഥലത്ത് പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ കൊണ്ട് മൃതദേഹം മൂടിയ മണ്ണ് മാറ്റിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അടൂര്‍ ആര്‍ഡിഒയും തഹസീല്‍ദാറും സ്ഥലം സന്ദര്‍ശിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

